പണമിടപാടിന്‍റെ പേരില്‍ തന്‍റെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി യുവതി പൊലീസ് സ്‌റ്റേഷനില്‍.

കോഴിക്കോട്: പണമിടപാടിന്‍റെ പേരില്‍ തന്‍റെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി യുവതി പൊലീസ് സ്‌റ്റേഷനില്‍. കോഴിക്കോട് ഓമശ്ശേരി വെളിമണ്ണ സ്വദേശി കുവ്വച്ചാലില്‍ ജവാദിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ ഷിഫാനയാണ് മുക്കം പൊലീസില്‍ പരാതി നല്‍കിയത്. താമരശ്ശേരി വലിയ പറമ്പില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്നയാളാണ് ജവാദ്. ഈ മാസം ഒന്നാം തിയ്യതി മുതലാണ് ജവാദിനെ കാണാതാകുന്നത്. പ്രവാസിയായിരുന്ന ഇയാള്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് നാട്ടില്‍ എത്തിയത്. പിന്നീട് വലിയപറമ്പില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്നു. സ്ഥാപനം തുടങ്ങുന്നതിനായി യുവാവ് താമരശ്ശേരി അണ്ടോണ സ്വദേശിയില്‍ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ടെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ഇത് തിരികെ ചോദിച്ച് നിരവധി തവണ ഇയാള്‍ കടയില്‍ എത്തി ബഹളം ഉണ്ടാക്കിയിരുന്നതായും ഷിഫാന പറയുന്നു. ഏപ്രില്‍ ഒന്നിന് ജവാദ് തന്‍റെ പിതാവിനും ഷിഫാനക്കും ഫോണില്‍ മെസേജ് അയച്ചിട്ടുണ്ട്. പണം കൊടുക്കാനുള്ള അണ്ടോണ സ്വദേശിയുടെ ആളുകള്‍ ബാര്‍ബര്‍ ഷോപ്പില്‍ എത്തിയിട്ടുണ്ടെന്നും അവരെ പറഞ്ഞയച്ചിട്ട് ഉടനെ വരാം എന്നുമാണ് മെസേജില്‍ ഉണ്ടായിരുന്നത്. ഷിഫാനയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കടയുടെ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഏതാനും പേര്‍ ഷോപ്പിലേക്ക് എത്തുന്നതായ വ്യക്തതയില്ലാത്ത ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. ജവാദിന്റെ ഫോണ്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്. അണ്ടോണ സ്വദേശി, തനിക്ക് ഇതുസംബന്ധിച്ച് അറിവില്ലെന്ന് പൊലീസിനോട് പറഞ്ഞതായാണ് ലഭിക്കുന്ന വിവരം. ജവാദിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

YouTube video player