വീട്ടിലേക്കുള്ള വഴിയിലൂടെ ഓട്ടോ ഓടിക്കുന്നതിനെ ചൊല്ലിയും ആദ്യ വിവാഹത്തിലെ കുട്ടികളെ ഉപദ്രവിക്കുന്നതിന്റെ പേരിലും ജയയും സജീഷും തമ്മിൽ കലഹം പതിവായിരുന്നു.

കൊച്ചി: വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ചതിന് പിന്നിൽ ക്വട്ടേഷൻ സംഘം. കുടുംബവഴക്കിന് പിന്നാലെ അടുത്ത ബന്ധു സജീഷാണ് ജയയെ തല്ലാൻ ആളെ കൂട്ടിയത്. സജീഷും ജയയെ തല്ലിയ മുന്നംഗസംഘവും ഒളിവിലാണ്. മ‍ർദനത്തിന് ഒത്താശ ചെയ്തതിന് സജീഷിന്റെ ഭാര്യയേയും സഹായിയേയും ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ജയയുടെ അച്ഛന്റെ സഹോദരിയുടെ മകൾ പ്രിയങ്കയുടെ രണ്ടാംഭർത്താവാണ് സജീഷ്. വീട്ടിലേക്കുള്ള വഴിയിലൂടെ ഓട്ടോ ഓടിക്കുന്നതിനെ ചൊല്ലിയും ആദ്യ വിവാഹത്തിലെ കുട്ടികളെ ഉപദ്രവിക്കുന്നതിന്റെ പേരിലും ജയയും സജീഷും തമ്മിൽ കലഹം പതിവായിരുന്നു.

ജയയുടെ അഹങ്കാരം അവസാനിപ്പിക്കുമെന്നും ഒരു പാഠം പഠിപ്പിക്കുമെന്നും പറഞ്ഞാണ് സജീഷ് ക്വട്ടേഷൻ കൊടുക്കുന്നത്. സജീഷിന് ഒത്താശ ചെയ്തതിനാണ് പ്രിയങ്കയും സജീഷിന്റെ സുഹൃത്തും സഹായിയുമൊക്കെയായ വിധുൻദേവും പിടിയിലായത്. സംഭവത്തിൽ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ക്രൂരമർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജയ സ്വകാര്യആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. വനിതാകമ്മീഷൻ ജയയെ ആശുപത്രിയിൽ സന്ദർശിച്ചു.