ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു നൽകിയതിന് ശേഷമാണ് ജീവനൊടുക്കിയത്.
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ 27കാരി ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനം കാരണമെന്ന് കുടുംബം. വർക്കല സ്വദേശി ആരതിയാണ് വാടകവീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവ് അതുൽ മർദ്ദിച്ചത് അമ്മയെ വിളിച്ച് പറഞ്ഞതിന് ശേഷമായിരുന്നു ആരതി ആത്മഹത്യ ചെയ്തത്. അതുൽ മർദ്ദിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. വർക്കല സ്വദേശി ആരതിയും കല്ലറ സ്വദേശി അതുലും വിവാഹം കഴിച്ചത് ഒന്നരവർഷം മുമ്പ്. ആറ് മാസം മുമ്പാണ് ആറ്റുകാലിലെ വാടകവീട്ടിലേക്ക് മാറിയത്.
വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ പലകാരണങ്ങൾ പറഞ്ഞ് അതുൽ ആരതിയെ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പറയുന്നു. ആരതിയുടെ അമ്പത് പവൻ സ്വർണം പണയം വച്ചു. പണത്തിന്റെ പേരിലും സ്വർണത്തിന്റെ പേരിലും ഉപദ്രവിച്ചിരുന്നെന്നും അതുലിന് മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നെന്നും ആരതിയുടെ ബന്ധുക്കൾ പറയുന്നു. അതുലിന്റെ മർദനത്തിൽ മുറിവേറ്റതിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് ആരതി അയച്ച് നൽകിയിരുന്നു. ഇന്നലെ വഴക്കുണ്ടായതിന് പിന്നാലെ ആരതി മുറിയിൽ കയറി വാതിലടച്ചു.
ആരതി ആത്മഹത്യ ചെയ്തെന്ന് മനസിലാക്കിയ അതുൽ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയതിന് ശേഷമാണ് വാതിൽ തുറന്നത്. മരണത്തിന് മുമ്പ് ആരതി അമ്മയെ വിളിച്ചിരുന്നു. ആത്മഹത്യക്കുറിപ്പുകളും ഡയറിയും കണ്ടെടുത്തിട്ടുണ്ട്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ്. പരാതിയും തെളിവുകളും പരിശോധിച്ച് തുടർനടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

