മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ വാടക ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവതിയും ഭർത്താവും ചേർന്ന് യുവതിയുടെ കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്
താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ വാടക ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവതിയും ഭർത്താവും ചേർന്ന് യുവതിയുടെ കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്. കൊലപാതകത്തിന് ശേഷം വീട്ടുടമസ്ഥന് യുവതി അയച്ച ശബ്ദ സന്ദേശത്തിലൂടെയാണ് ക്രൂരമായ കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്തുവന്നത്. താനെയിലെ ഫ്ലാറ്റിൽ നിന്നാണ് തിങ്കളാഴ്ച രാവിലെ ഏതാണ്ട് 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ അഴുകിയ മൃതദേഹം പോലീസ് കണ്ടെടുത്തത്. കഴിഞ്ഞ നാല് ദിവസമായി ഈ ഫ്ലാറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഫ്ലാറ്റിൽ നിന്ന് കടുത്ത ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുടമസ്ഥൻ ഉടൻ തന്നെ വാടകക്കാരനെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇതിന് മറുപടിയായി വാടകക്കാരന്‍റെ ഭാര്യ വീട്ടുടമസ്ഥന് ഒരു മെസേജ് അയക്കുകയായിരുന്നു. തന്‍റെ കാമുകൻ തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും, അതിനാൽ താനും ഭർത്താവും ചേർന്ന് അയാളെ വീട്ടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയെന്നുമാണ് യുവതി തുറന്നുപറഞ്ഞത്.
സന്ദേശം ലഭിച്ചയുടൻ വീട്ടുടമസ്ഥൻ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഫ്ലാറ്റിന്‍റെ വാതിൽ പൊളിച്ചു അകത്തുകയറിയപ്പോഴാണ് പൂർണ്ണമായും അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം പെട്ടെന്ന് പുറത്തറിയാതിരിക്കാനും, ശരീരത്തിൽ നിന്നുള്ള ദ്രാവകങ്ങൾ ഒഴുക്കിക്കളയാനും വേണ്ടി പ്രതികളായ ദമ്പതികൾ ബാത്ത്റൂമിലെ ടാപ്പ് തുറന്നുവിട്ട നിലയിലായിരുന്നുവെന്ന് സീനിയർ പോലീസ് ഇൻസ്‌പെക്ടർ സന്ദീപൻ ഷിൻഡെ പറഞ്ഞു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ ഒളിവിൽ പോയ ദമ്പതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.



