ചികിത്സാ പിഴവ് എന്ന ആരോപണവുമായി ബന്ധുക്കൾ. പത്തനംതിട്ട കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോപണം.
പത്തനംതിട്ട: ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയക്ക് വിധേയയായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി മായയാണ് മരിച്ചത്. കോഴഞ്ചേരി മുത്തൂറ്റ് ആശൂപത്രി ഡോക്ടർമാരുടെ ചികിത്സാപിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസടുത്തു.
ഈ മാസം 17 ആം തീയതിയാണ് ആങ്ങമൂഴി സ്വദേശി 58 കാരി മായ രാജുവിന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ ഗർഭാശയം നീക്കൽ ശസ്ത്രക്രിയ നടന്നത്. തൊട്ടടുത്ത ദിവസം മുതൽ പലവിധ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടു. ഇതോടെ സ്കാനിംഗ് അടക്കം പലവിധ പരിശോധനയ്ക്ക് വിധേയയാക്കി. തുടർന്ന് വീണ്ടും സർജറി നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. അങ്ങനെ 22 ആം തീയതി രണ്ടാമതും ശസ്ത്രിക്രിയ നടത്തി. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം വെന്‍റിലേറ്ററിലായ മായ ഇന്നു പുലർച്ചെയാണ് മരിച്ചത്.
ശസ്ത്രക്രിയയുടെ സങ്കീർണ്ണത ബന്ധുക്കളെ ബോധ്യപ്പെടുത്തിയിരുന്നു എന്ന വിശദീകരണമാണ് ആശുപത്രി അധികൃതർ നൽകുന്നത്. ബന്ധുക്കളുടെ ചികിത്സാപിഴവ് പരാതിയിൽ ആറന്മുള പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

