കൊല്ലം: പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്‌ത കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെ പൊലീസ് പിടികൂടി. പരവൂർ സ്വദേശി സുഗതനും മകൻ രഞ്ജിഷുമാണ് പിടിയിലായത്. പള്ളിക്കൽ ആശുപത്രിയിലെ ഡോക്ടർ സ്വപ്ന എസ് കുമാറിന്റെ പരാതിയിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴി‍ഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയിലെത്തിയ പ്രതികൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ സ്വപ്ന എസ് കുമാറിന്റെ മുറിയിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയുമായിരുന്നു‌വെന്നാണ് പരാതി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ ജില്ലയിൽ വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ ഒപി ബഹിഷ്കരിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

അത്യാഹിത വിഭാഗവും ശസ്ത്രക്രിയകളും ഒഴിവാക്കിയായിരുന്നു പ്രതിഷേധം. ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒയുടെ നേതൃത്തിലായിരുന്നു പ്രതിഷേധ സമരം നടന്നത്. ഇതിനിടെ പൊലീസുകാർ പ്രതികളുടെ പരവൂരിലെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഭവം ഏറെ വിവാദമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പള്ളിക്കല്‍ സ്റ്റേഷനിലെ പൊലീസുകാർ വീട്ടിലെത്തി പരിശോധന നടത്തിയത്. കൊല്ലം പരവൂരിലെ മകളുടെ ഭര്‍ത്താവിന്റെ വീട്ടിലാണ് സുഗതകുമാര്‍ താമസിച്ചിരുന്നത്. 

കുട്ടികളും രോഗികളടക്കമുള്ള സ്ത്രീകളും താമസിക്കുന്ന വീട്ടിലായിരുന്നു പൊലീസിന്റെ അതിക്രമം. വീട്ടിലെ സ്ത്രീകളെയും കുട്ടികളെയും പൊലീസുകാര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ക്യാന്‍സര്‍ ബാധിതയായ വീട്ടമ്മ കുഴഞ്ഞുവീണതും പൊലീസിനതിരെ രൂക്ഷവമിർശനത്തിന് കാരണമായി.

തപാല്‍വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനാണ് സുഗതകുമാര്‍. മകൻ രഞ്ജിഷ് എന്‍ജീനിയറിങ് കോളേജ് അധ്യാപകനാണ്. അതേസമയം, കേസിൽ പ്രതികള്‍ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ തള്ളി.