കോട്ടയം: ബസിൽ നിന്ന് വീണ് പരിക്കേറ്റ വൃദ്ധ മരിച്ചു. കോട്ടയം വെള്ളൂർ തെക്കെക്കൂറ്റ് അന്നമ്മ ചെറിയാനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് മണ‍ർകാട് പള്ളിക്ക് സമീപം അപകടമുണ്ടായത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനായി ബസിൽ കയറുന്നതിനിടെയാണ് അന്നമ്മ ചെറിയാൻ അപകടത്തിൽ പെട്ടത്. കോട്ടയം പാലാ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലേക്ക് അന്നാമ്മ കയറുന്നതിനിടെ കണ്ടക്ടർ ബെല്ലടിച്ചു. ഇതേത്തുടർന്ന് എയർ സസ്പെൻഷൻ വാതിൽ അടയുകയും അന്നാമ്മ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.

റോഡിൽ വീണ അന്നാമ്മയുടെ ഇരു കാലുകളിലൂടെയും ബസിന്‍റെ പിൻചക്രങ്ങൾ കയറിയിറങ്ങി.ഇരുകാലുകൾക്കും ഇടുപ്പെല്ലിനും ഗുരുതരമായി പരിക്കേറ്റ അന്നാമ്മയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെവെച്ച് ഗുരുതരമായി പരിക്കേറ്റ വലതുകാൽ മുറിച്ചു മാറ്റിയിരുന്നു. ഗുരുതരമായ അണുബാധയെത്തുടർന്ന് ഇന്ന് രാവിലെ അന്നാമ്മ മരിച്ചു. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പൊലീസിനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും മൊഴി നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബസ് മണർകാട് പൊലീസ് പിടിച്ചെടുത്തു.