ഡൽഹി മെട്രോയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ മധ്യവയസ്കൻ പലതവണ അതിക്രമം കാണിച്ചു. ചോദ്യം ചെയ്തിട്ടും 'സോറി' പറഞ്ഞ് ഇയാൾ വീണ്ടും ദേഹത്ത് സ്പർശിക്കുകയും മടിയിൽ കൈവെക്കുകയും ചെയ്തതായി യുവതി റെഡ്ഡിറ്റ് പോസ്റ്റിൽ വെളിപ്പെടുത്തി.  

ദില്ലി: ഡൽഹി മെട്രോയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ഒരാൾ നിരവധി തവണ അതിക്രമം കാണിച്ചെന്ന് വെളിപ്പെടുത്തൽ. താൻ പരസ്യമായി ചോദ്യം ചെയ്തിട്ടും ഇയാൾ വീണ്ടും അതിക്രമം തുടർന്നതായും യുവതി റെഡ്ഡിറ്റ് പോസ്റ്റിൽ കുറിച്ചു. പോസ്റ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒക്ടോബർ 8 ന് രാത്രി 9 മണിയോടെ ഷാലിമാർ ബാഗിൽ നിന്ന് റിത്താലയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.

'സുഭാഷ് പ്ലേസിൽ വെച്ച് 40-നും 45-നും ഇടയിൽ പ്രായമുള്ള ഒരു അങ്കിൾ വന്ന് ലേഡീസ് സീറ്റിന്റെ മൂലയ്ക്ക് എൻ്റെ അടുത്ത് ഇരുന്നു. എനിക്ക് അത് പ്രശ്‌നമായില്ല. പിന്നീട് അദ്ദേഹം തൻ്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുക്കാൻ ശ്രമിച്ചു. അപ്പോൾ കൈ എൻ്റെ ദേഹത്ത് തട്ടി. തടിച്ച ശരീരപ്രകൃതി ഉള്ളതുകൊണ്ട് അത് മനഃപൂർവമായിരിക്കില്ലെന്ന് ഞാൻ കരുതി. "ഞാനും അദ്ദേഹവും ഫുൾ സ്ലീവ് ഷർട്ടാണ് ധരിച്ചിരുന്നത്. കുറച്ച് നിമിഷങ്ങൾക്കകം, അദ്ദേഹം കൈ വീണ്ടും എൻ്റെ ദേഹത്ത് തട്ടി.

പിന്നാലെ അദ്ദേഹം എൻ്റെ നേരെ ചെറുതായി ചാരിയിരിക്കാൻ തുടങ്ങി, ഈ സമയം അദ്ദേഹത്തിൻ്റെ കൈ ഏകദേശം പത്ത് സെക്കൻഡോളം എന്നെ തൊട്ടുനിൽക്കുകയായിരുന്നു. ഞാൻ മുന്നോട്ട് ആഞ്ഞപ്പോൾ മാത്രമാണ് അദ്ദേഹം പിന്മാറിയത്. ഇതിനുശേഷം നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു എന്ന് യുവതി പറയുന്നു. അടുത്തതായി അദ്ദേഹം തൻ്റെ കൈമുട്ട് എൻ്റെ തോളെല്ലിന് പിന്നിലായി വെച്ചു. പൊതുസ്ഥലത്ത് ഒരാൾ ഇത്രത്തോളം പോകുമെന്ന് ഞാൻ കരുതിയില്ല. അസ്വസ്ഥത തോന്നിയപ്പോൾ ഉടൻതന്നെ താനത് ചോദ്യം ചെയ്തു. അങ്കിളേ, എന്തിനാണ് എൻ്റെ മേൽ കൈ വെക്കുന്നത് എന്ന് ചോദിച്ചതും അയാൾ എന്നെ നോക്കി തോളിൽ രണ്ട് തവണ തട്ടിക്കൊണ്ട് 'സോറി, സോറി' എന്ന് പറഞ്ഞു.

എന്നാൽ സംഭവം അവിടെ അവസാനിച്ചില്ല. "രണ്ട് മിനിറ്റിനുശേഷം, അയാൾ തൻ്റെ കൈ എൻ്റെ മടിയിൽ വെച്ചു, എന്നിട്ട് 'സോറി ബേട്ടാ, ക്ഷമിക്കണം, ഞാൻ അൽപ്പം ക്ഷീണിതനായിരുന്നു, വിഷമം തോന്നരുത് എന്ന് പറഞ്ഞു. എനിക്ക് പ്രതികരിക്കാൻ കഴിയുന്നതിന് മുൻപ് തന്നെ അയാൾ എൻ്റെ കവിളിൽ തട്ടുകയും കൈകൊണ്ട് മടിയിൽ അമർത്തുകയും ചെയ്തു. പിന്നാലെ വന്ന പിതാംപുര സ്റ്റേഷനിൽ ഇറങ്ങിപ്പോയെന്നും യുവതി കുറിച്ചു. താൻ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ കുഴങ്ങിപ്പോയെന്നും അവര്‍ പറയുന്നു. ഞാൻ ആശയക്കുഴപ്പത്തിലായി, എന്തുചെയ്യണമെന്ന് മനസ്സിലായില്ല. പൊതുസ്ഥലത്ത് ആരെങ്കിലും ഇത്രത്തോളം പോകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും യുവതി കുറിച്ചു.

‘കഴിഞ്ഞ രാത്രി മുഴുവൻ അദ്ദേഹത്തിൻ്റെ കൈ എൻ്റെ മടിയിൽ വെച്ചതിനെക്കുറിച്ചാണ് ഞാൻ ചിന്തിച്ചത്. ഇപ്പോഴും അതുപോലെ തോന്നുന്നു. ഇത് എഴുതിയതുകൊണ്ട് അല്പം ആശ്വാസം തോന്നുന്നുണ്ട്. പക്ഷേ ആ നിമിഷം എന്നെ വീണ്ടും വേട്ടയാടുമെന്ന് എനിക്കറിയാം. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആർക്കെങ്കിലും ഉപദേശം തരാൻ കഴിയുമെങ്കിൽ നന്നായിരുന്നു. ഇത് എന്നെ ഇത്രയധികം ബാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,’ എന്ന് പറഞ്ഞാണ് യുവതി പോസ്റ്റ് അവസാനിപ്പിച്ചത്. നിരവധി പേരാണ് യുവതിക്ക് പിന്തുണയും സഹായവും വാഗ്ദാനം ചെയ്ത് കമന്റ് ചെയ്തിരിക്കുന്നത്.