ഡൽഹി മെട്രോ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത് ഇതാദ്യമല്ല. മെട്രോ ഒരു പൊതുഗതാഗത സംവിധാനമാണെന്നും ഷൂട്ടിങ് സ്റ്റുഡിയോ അല്ലെന്നും ഓർമ്മിപ്പിച്ച് നേരത്തെയും അധികൃതർ മുന്നറിയിപ്പുകൾ പുറത്തിറക്കിയിരുന്നു.

യാത്രക്കാർക്കും, പ്രത്യേകിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ്റെ (ഡിഎംആർസി) കർശനമായ മുന്നറിയിപ്പ്. മെട്രോക്കുള്ളിൽ ചിത്രീകരണം കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ഡിഎംആർസി വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്ക് പിഴയോ മറ്റ് നിയമപരമായ പ്രത്യാഘാതങ്ങളോ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. മെട്രോ ട്രെയിനുകൾക്ക് അകത്തും സ്റ്റേഷനുകളിലും ആളുകൾ റീലുകളും ഡാൻസ് വീഡിയോകളും മറ്റ് വിഡിയോകളും ചിത്രീകരിക്കുന്നത് പതിവായ സാഹചര്യത്തിലാണ് ഈ നടപടി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഡൽഹി മെട്രോ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാർക്ക് പ്രിയപ്പെട്ട ഇടമായി മാറിയിട്ടുണ്ട്. യാത്രാസമയങ്ങളിൽ നിരവധിപ്പേരാണ് ഇൻസ്റ്റഗ്രാം റീലുകൾ, യൂട്യൂബ് വീഡിയോകൾ എന്നിവ ചിത്രീകരിക്കുന്നത്. തിരക്കേറിയ കോച്ചുകളിൽ നൃത്തം ചെയ്യുന്നതും സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകളിൽ ട്രെൻഡിങ് ചലഞ്ചുകൾ ചെയ്യുന്നതും ഉൾപ്പെടെയുള്ള ഇത്തരം വീഡിയോകൾക്ക് വലിയ വ്യൂസ് ലഭിക്കാറുണ്ട്. എന്നാൽ, ഇത്തരം പ്രകടനങ്ങൾ യാത്രയുടെ സ്വസ്ഥതക്ക് ഭംഗം വരുത്തുന്നുവെന്നും, സുരക്ഷാപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും ഉള്ള വിമർശനങ്ങൾ യാത്രക്കാരിൽ നിന്നും നിരന്തരമായി ഉയർന്നിരുന്നു.

ഡൽഹി മെട്രോ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത് ഇതാദ്യമല്ല. മെട്രോ ഒരു പൊതുഗതാഗത സംവിധാനമാണെന്നും ഷൂട്ടിങ് സ്റ്റുഡിയോ അല്ലെന്നും ഓർമ്മിപ്പിച്ച് നേരത്തെയും അധികൃതർ മുന്നറിയിപ്പുകൾ പുറത്തിറക്കിയിരുന്നു. എന്നാൽ ഈ ഓർമ്മപ്പെടുത്തലുകൾ അവഗണിച്ച് മെട്രോക്കുള്ളിലെ റീൽ ചിത്രീകരണങ്ങൾ തുടർന്നു. ഇത്തരം സംഭവങ്ങളുടെയും സാധാരണ യാത്രക്കാരുടെ പരാതികളുടെയും എണ്ണം വർദ്ധിച്ചതോടെയാണ് ഡിഎംആർസി പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുൻഗണന നൽകുമെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ട് വരുത്തുന്നതോ ശല്യമുണ്ടാക്കുന്നതോ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതോ ആയ ഒരു പ്രവൃത്തിയും വച്ചുപൊറുപ്പിക്കില്ലെന്നും മെട്രോ അതോറിറ്റി ഊന്നിപ്പറഞ്ഞു. ചിത്രീകരണങ്ങളിൽ ഏർപ്പെടുന്നവരെ തടയുന്നതിനും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സ്റ്റേഷനുകളിൽ നിയോഗിച്ചിട്ടുള്ള സിഐഎസ്എഫ്, സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.