കണ്ണൂർ ഇരിട്ടിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കതിരെ ​ഗുരുതര ആരോപണവുമായി സ്നേഹയുടെ കുടുംബം. 

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യയിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പായം സ്വദേശി സ്നേഹയുടെ ആത്മഹത്യയ്ക്ക് കാരണം ഭർത്താവ് ജിനീഷിന്റെയും വീട്ടുകാരുടെയും പീഡനമെന്ന് പരാതി. ജിനീഷ് സ്നേഹയെ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവിച്ചെന്നും ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞ് ക്ഷേത്രങ്ങളിലടക്കം കൊണ്ടുപോയെന്നും കുടുംബത്തിന്റെ വെളിപ്പെടുത്തൽ.

കഴിഞ്ഞ തിങ്കഴാഴ്ചയാണ് സ്നേഹയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്നേഹ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് കിട്ടിയിട്ടുണ്ട്. മരണത്തിന് കാരണം ഭർത്താവ് ജിനീഷും വീട്ടുകാരുമെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. അഞ്ച് വർഷം മുൻപായിരുന്നു സ്നേഹയുടേയും ജിനീഷിന്റെയും വിവാഹം. ഇരുവർക്കും മൂന്ന് വയസ് പ്രായമുള്ള കുഞ്ഞുമുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ജിനീഷ് സ്നേഹയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. പല തവണ പട്ടിണിക്കിട്ടു. സ്നേഹയുടെ ദേഹത്ത് ബാധയുണ്ടെന്ന് വരുത്തി തീർക്കാൻ ജിനീഷിന്റെ കുടുംബം ശ്രമിച്ചെന്നും കുടുംബത്തിന്റെ ഗുരുതര ആരോപണം

മുൻപും സ്നേഹ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഗ‍ർഭിണിയായിരിക്കെ ജിനീഷ് ഉപദ്രവിച്ചതിനെ തുട‍‍ർന്ന് ഗ‍ർഭം അലസിയെന്നും കുടുംബത്തിന് പരാതിയുണ്ട്. ജിനീഷുമായുണ്ടായ വഴക്കിനെ തുടർന്ന് ഏപ്രിൽ 15 ന് സ്നേഹ കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലേക്കെത്തി. അന്നു തന്നെ ഉളിക്കൽ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. പൊലീസ് സുരക്ഷയിലായിരുന്നു ജിനീഷിന്റെ വീട്ടിലെത്തി സ്നേഹയുടെ സാധനങ്ങൾ എടുത്ത് മടങ്ങിയത്. സ്നേഹയുടെ മരണത്തിൽ ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്യുകയാണ് ജിനീഷ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്.

Pahalgam Attack |Asianet News Live |Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്