കണ്ടുമുട്ടുന്ന ഓരോ മുഖങ്ങളിലും ഭീതിയും ആശങ്കയും നിറയുന്ന കാലമാണിത്. കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ പുറത്തിറങ്ങാതെ, ആരോടും മിണ്ടാതെ,  പ്രതിരോധത്തിന്റെ അകലം പാലിക്കുകയാണ് ഓരോരുത്തരും. ആശങ്കയുടെ ഈ കാലത്ത് തനിക്ക് കഴിയുന്ന വിധത്തിൽ പ്രതിരോധത്തിൽ പങ്കുചേരുകയാണ് ചിലർ. മഞ്ജു മധു എന്ന വീട്ടമ്മയും ഇവരിലൊരാളാണ്.

''തൂവാലയുണ്ടോ എന്ന് ചോദിച്ചാണ് ആ ചെറുപ്പക്കാരൻ  അന്ന് കടയിലേക്ക് കയറി വന്നത്. കടയിലുണ്ടായിരുന്ന തൂവാലയെല്ലാം തീർന്നുപോയിരുന്നു. ഞായറാഴ്ചയായിരുന്നത് കൊണ്ട് മറ്റു കടകളൊന്നും തുറന്നിട്ടില്ല. മാസ്ക് അന്വേഷിച്ച് ചെന്നപ്പോൾ, വെറും മൂന്നു രൂപ വിലയുള്ള, ഉപയോ​ഗിച്ചതിന് ശേഷം വലിച്ചെറിയുന്ന ഡിസ്പോസിബിൾ മാസ്കിന് മുപ്പത് രൂപയാണ് കടയുടമ ആവശ്യപ്പെട്ടത്. എന്നാൽ പിന്നെ തൂവാല വാങ്ങാമെന്ന് അയാൾ കരുതിയെത്രേ. ചെറുപ്പക്കാരന്റെ സങ്കടം പറച്ചിൽ കേട്ടപ്പോൾ എനിക്കും വിഷമമായി. നാടു മുഴുവൻ പണിയും കാശുമില്ലാതെ കഷ്ടപ്പെടുന്ന സമയമല്ലേ.. ഞാനയാളോട് കുറച്ച് സമയം നിൽക്കാൻ പറഞ്ഞു. എന്നിട്ട് കടയിലുണ്ടായിരുന്ന ഒരു പീസ് തുണിയെടുത്ത് ഒരു ചെറിയ മാസ്ക് തയ്ച്ച് റബർബാൻഡിട്ട് കൊടുത്തു. പൈസയൊന്നും വാങ്ങിയില്ല.'' കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ അമ്പലക്കടവ് സ്വദേശിയായ മഞ്ജുവിന്റെ വാക്കുകളാണിത്. 

കൊറോണ ഭീഷണിക്ക് മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ ലോകം മുഴുവൻ പകച്ചു നിൽക്കുമ്പോൾ തനിക്ക് സാധിക്കുന്ന വിധത്തിൽ പ്രതിരോധപ്രവർത്തനത്തിൽ പങ്കാളിയാകുകയാണ് മഞ്ജു എന്ന വീട്ടമ്മ. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലല്ല മഞ്ജു. അച്ഛനില്ലാത്ത രണ്ട് കുഞ്ഞുങ്ങളും അമ്മയും മാത്രമാണ് മഞ്ജുവിന്റെ ലോകം. ഒന്നരവർഷം മുമ്പാണ് മഞ്ഞപ്പിത്തം ബാധിച്ച് ഭർത്താവ് മധു ഈ കുടുംബത്തെ അനാഥമാക്കി പോയത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുകയാണെങ്കിലും തനിക്ക് ചെയ്യാൻ സാധിക്കുന്ന നന്മ ആർക്ക് വേണമെങ്കിലും ചെയ്യാൻ മഞ്ജു സന്നദ്ധയാണ്.

കുളത്തൂപ്പുഴ അമ്പലക്കടവിൽ കല്യാൺ ​ഗാർമെന്റ്സ് ആന്റ് സ്റ്റിച്ചിം​ഗ് സെന്റർ നടത്തുകയാണ് മഞ്ജു. തൂവാല ചോദിച്ച് വന്നയാൾക്ക് മാസ്ക് തയ്ച്ചുകൊടുത്ത അന്നാണ് തനിക്കും കൊവിഡ് 19 പ്രതിരോധത്തിൽ പങ്കാളിയാകാൻ സാധിക്കും എന്ന് മഞ്ജു തിരിച്ചറിഞ്ഞത്. ''അന്നേ ദിവസം ബാക്കി ജോലികളെല്ലാം മാറ്റിവച്ച് മാസ്ക് തയ്ക്കാനിരുന്നു. അതുവഴി വന്ന ബൈക്ക് യാത്രികരെയെല്ലാം കൈ കാണിച്ച് നിർത്തി അവർക്ക് മാസ്ക് നൽകി. അതുപോലെ തൊഴിലുറപ്പിന് പോയ ചേച്ചിമാർക്കും കൊടുത്തു. അവർക്കെല്ലാം ഭയങ്കര സന്തോഷം. തുണി കൊണ്ടുള്ള മാസ്ക് ആയതുകൊണ്ട് വീണ്ടും കഴുകി ഉപയോ​ഗിക്കാൻ സാധിക്കും എന്നതാണ് മെച്ചം.'' മഞ്ജു വിശദീകരിച്ചു. 

മഞ്ജു മാസ്ക് തയ്ക്കുന്ന വിവരം അറിഞ്ഞ് നിരവധി പേർ വന്നു. അതിനിടയിൽ കെഎസ്ഇബിയിൽ നിന്നും കൊല്ലം  ജില്ലാമിഷനിൽ നിന്നും മാസ്കിന് ആവശ്യക്കാരെത്തി. ''അവർക്കെല്ലാം മാസ്ക് തയ്ച്ച് എത്തിച്ചു കൊടുത്തു. ഈ തയ്യൽ മാത്രമാണ് എന്റെ വരുമാന മാർ​ഗം. അതുകൊണ്ട് എപ്പോഴും സൗജന്യമായി തയ്ച്ചു കൊടുക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഇപ്പോൾ തയ്ക്കുന്ന മാസ്കുകളെല്ലാം വില കുറച്ചാണ് കൊടുക്കുന്നത്.'' മൂത്ത മകൻ യദുകൃഷ്ണൻ ഫിസിക്കൽ എഡ്യൂക്കേഷന് പഠിക്കുന്നു. രണ്ടാമത്തെ മകൻ മാധവ് നാലാം ക്ലാസിലാണ്.

സൗജന്യമായി മാസ്ക് തയ്ച്ചുകൊടുക്കണമെന്ന് തന്നെയാണ് മഞ്ജുവിന്റ ആ​ഗ്രഹം. പക്ഷേ സാമ്പത്തിക പ്രതിസന്ധി അതിനൊരു തടസ്സമാണെന്ന് മഞ്ജു പറയുന്നു. മഞ്ജു താരപരിവേഷമുളള ഒരു സ്ത്രീയല്ല. ചില ചെറിയ നന്മകൾ സമൂഹത്തിന് നൽകണമെന്ന് ആ​ഗ്രഹിക്കുന്ന, മനസ്സിൽ നന്മയുള്ള ഒരു സാധാരണ സ്ത്രീ. ''ഒരാ​ഗ്രഹം കൂടിയുണ്ട് എനിക്ക്. വിശന്നു വരുന്നവർക്ക് ഒരു നേരത്തെ ആഹാരവും വെള്ളവും കൊടുക്കാൻ പറ്റണം. അത്തരത്തിലുള്ള ഒരുപാട് പേരെ എനിക്കറിയാം. ഈ ആ​ഗ്രഹം എന്ന് സാധിക്കുമെന്ന് അറിയില്ല.'' മഞ്ജു പറയുന്നു.