കോഴിക്കോട്: കോഴിക്കോട് വെള്ളന്നൂരിൽ യുവതിയെയും കുഞ്ഞിനേയും ഭർതൃവീട്ടിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് യുവതിയുടെ ബന്ധുക്കള്‍. കീഴരിയൂർ കാരടിപ്പറമ്പത്ത് നിജിനയുടേയും എട്ട് മാസം പ്രായമുളള മകൻ റൂഡ്വിച്ചിന്‍റേയും മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വെള്ളന്നുരിലുള്ള ഭർതൃവീട്ടിലെ കിണറിൽ കണ്ടെത്തിയത്. 

സംഭവം കൊലപാതകമെന്നാരോപിച്ച്  ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചു. യുവതിയുടെ ഭര്‍ത്താവും രക്ഷിതാക്കളും ഒളിവിലാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീധനത്തിന്‍റെ പേരിൽ പതിവായി ഭർതൃവീട്ടുകാർ നിജിനയെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

പ്രദേശവാസികളാണ് കിണറ്റില്‍ നിന്നും ഇരുവരെയും പുറത്തെടുത്ത് മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.  മരണശേഷം ഭര്‍ത്താവ് രജിലേഷും മാതാപിതാക്കളും ഒളുവില്‍ പോയി. രജിലേഷും മാതാപിതാക്കളും  നിജിനയെ അപായപ്പെടുത്തിയതാണെന്ന് സഹോദരന്‍ നിജേഷ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. ഇരുവരുടെയും മരണശേഷം രജിലേഷും മാതാപിതാക്കളും ഒളിവില്‍ പോയെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചു. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം പൊലീസ് അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നിജിനയുടെ കുടുംബം.