കൊച്ചി: കൊച്ചി സിറ്റി റേഷനിങ് ഓഫീസിന് മുന്നിൽ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. എപിഎൽ കാര്‍ഡ് ബിപിഎൽ കാര്‍ഡാക്കി കിട്ടാത്തതിൽ പ്രതിഷേധിച്ചായിരുന്നു വീട്ടമ്മയുടെ ആത്മഹത്യ ശ്രമം. മട്ടാഞ്ചേരി കൊച്ചങ്ങാടി സ്വദേശിനി ഷംലത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീ കൊളുത്താൻ ശ്രമിക്കുന്നതിനിടിയിൽ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ഇവരെ പിന്നീട് കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദീകരണവുമായി റേഷനിങ് ഓഫീസര്‍ രംഗത്ത് വന്നു. എപിഎൽ കാര്‍ഡ് ബിപിഎൽ കാര്‍ഡാക്കാൻ 500 ഓളം അപേക്ഷകളാണ് കൊച്ചി താലൂക്ക് സപ്ലൈ ഓഫീസിൽ ലഭിച്ചിരിക്കുന്നത്. 2019 ഒക്ടോബറിലെ അപേക്ഷയാണ് ഇപ്പോൾ പരിഗണിക്കുന്നത്. വീട്ടമ്മയുടെ അപേക്ഷ ലഭിച്ചത് രണ്ട് മാസം മുൻപാണ്. വീട്ടമ്മയുടെ അപേക്ഷയിൽ നടപടി തുടങ്ങിയിരുന്നുവെന്നും താലൂക്ക് റേഷനിങ് ഓഫീസര്‍ പറഞ്ഞു.