തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് മധ്യവയസ്‌ക ഷോക്കേറ്റ് മരിച്ചതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കാരക്കോണം ത്രേസ്യാപുരം സ്വദേശിയായ ശാഖയെ (52) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ഇരുപത്തിയാറുകാരനായ ഭർത്താവ് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മാസം മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ശാഖയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്‍റെ നിഗമനം. അരുണിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു

ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ ശാഖയെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. കുറച്ച് ആഴ്ചകളായി ഭര്‍ത്താവിനും ശാഖയ്ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി ശാഖ കുടുംബം ആരോപിക്കുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തക്കറ കണ്ടെത്തിയതും ദുരൂഹത കൂട്ടുന്നുവെന്ന് ശാഖയുടെ സഹോദരന്‍റെ ഭാര്യ ​ഗ്രേസി ആരോപിച്ചു. മരിച്ച് കിടന്ന രീതി സംശയം ജനിപ്പിക്കുന്നു. വീട്ടിന് പുറത്തുള്ള ഇലക്ട്രിക് മീറ്ററിൽ നിന്ന് ഘടിപ്പിച്ച നിലയിൽ കേബിളും മൃതദേഹം കിടന്ന സ്ഥലത്തിന് സമീപം കണ്ടെത്തി. ഇതും ദുരൂഹത വർധിപ്പിക്കുന്നു. ഇതിൽ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് പൊലീസ് നി​ഗമനം. ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് സംശയം. 

നെയ്യാറ്റിങ്കരയിൽ ബ്യൂട്ടി പാർലർ നടത്തി വരികയായിരുന്നു ശാഖ. നേരത്തെ ഇവർ ഒറ്റയ്ക്ക് ആയിരുന്നു താമസം. രണ്ട് വർഷം മുമ്പാണ് അരുണുമായി ഇവർ സൗഹൃദത്തിൽ ആകുന്നത്. രണ്ട് മാസം മുമ്പാണ് ശാഖയുടെയും അരുണിന്റെയും വിവാഹം കഴിഞ്ഞത്. അരുൺ സ്ഥലത്ത് തന്നെയുണ്ടായിരുന്നു. ഇയാൾ നെയ്യാറ്റിൻകര സ്വദേശിയാണ്. ശാഖയുടെ മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.