തിരുവനന്തപുരം: യാത്രക്കിടെ ബസിലെ ജീവനക്കാരന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ കല്ലട ബസുടമ സുരേഷിനെ വനിതാ കമ്മീഷൻ വിളിച്ചു വരുത്തി ശാസിച്ചു. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ബസിൽ വനിത കെയർ ഡേക്കറെ നിയമിക്കുക, ജീവനക്കാർക്ക് ബോധവത്ക്കരണം സംഘടിപ്പിക്കുക എന്നിവ നടത്തിയതിനുശേഷം കമ്മീഷന് മുന്നിൽ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

മംഗലാപുരത്ത് നിന്ന് കയറിയ യുവതി ഉറക്കത്തിനിടയില്‍ ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബഹളം വയ്ക്കുകയായിരുന്നു. പുലര്‍ച്ചെ 1.30 ഓടെ ബസ് കോഴിക്കോട് എത്തിയപ്പോഴായിരുന്നു യുവതിയ്ക്ക് ദുരനുഭവം ഉണ്ടായത്. സംഭവസ്ഥലത്ത് വച്ച് യാത്രക്കാര്‍ ബഹളം വച്ചെങ്കിലും ബസ് നിര്‍ത്താതെ പോവുകയായിരുന്നു. പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടുകയും പൊലീസിനെ വിളിക്കുകയും ചെയ്തതോടെയാണ് ബസ് നിര്‍ത്തിയത്. സംഭവത്തിൽ രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി ജോൺസൻ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി. കല്ലട ബസ് ഉടമയെ കമ്മീഷൻ ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് നേരത്തെ അറിയിച്ചിരുന്നു.