തിരുവനന്തപുരം: അടിമലത്തുറ പള്ളി കമ്മിറ്റി ഊരുവിലക്കിയ ഉഷാറാണിയെയും കുടുംബത്തെയും സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. വിഷയത്തില്‍ വനിതാ കമ്മീഷൻ ഇടപെട്ടാണ് നടപടി. ഉഷാറാണിയെ വനിതാ കമ്മീഷൻ അംഗങ്ങളായ ഷാഹിദാ കമാലും ഇ എം രാധയും സന്ദർശിച്ചു. പൊലീസ് ശക്തമായി ഇടപെടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഊരുവിലക്കിനെ തുടര്‍ന്ന് ഉഷാറാണിയും കുടുംബവും ഇപ്പോൾ നഗരത്തിലെ ലോഡ്ജിലാണ് താമസം. 

അടിമലത്തുറയിൽ ഭൂമി കച്ചവടം അടക്കം വൈദികന്‍റെ നടപടികളെ ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തെയാണ് ലത്തീൻ പള്ളിക്കമ്മിറ്റി ഊരുവിലക്കിയത്. ഇടവക വികാരി മെൽബിൻ സൂസയുടെ നടപടികളിൽ വിയോജിപ്പുകൾ പ്രകടിപ്പിച്ചതോടെ ഉഷാറാണി പള്ളിക്കമ്മിറ്റിയുടെ കരടായി മാറുകയായിരുന്നു. വൈദികനോട് കയർത്തതിന് കുടുംബം ഒരു ലക്ഷം പിഴ നൽകണമെന്നാണ് കമ്മിറ്റിയുടെ ശാസന. ചെറിയമ്മയും ഇടവകാംഗവുമായ മേഴ്സിയുടെ അർബുദ രോഗ ചികിത്സയ്ക്ക് സഹായം ചോദിച്ചതോടെ എല്ലാം അതിരുവിട്ടു.

രോഗം, തുറയിലെ വിലക്ക്, കുഞ്ഞുങ്ങളുടെ ദുരിതം, ഒപ്പം പൊലീസ് കേസ് എല്ലാംകൊണ്ടും നട്ടംതിരിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ഉഷാറാണിയും കുടുംബവും. അതേസമയം, വൈദികനെതിരെ കൂടുതൽ പരാതികൾ ഉയരുകയാണ്. മെൽബിൻ സൂസക്കെതിരെ മുമ്പും പരാതി ലഭിച്ചിരുന്നുവെന്ന് കമ്മീഷൻ പറഞ്ഞു. തുറയിലെ സ്ത്രീകളാണ് പരാതി നൽകിയത്.