Asianet News MalayalamAsianet News Malayalam

'തേനും പാലും നൽകി കൂട്ടിലിട്ടാലും ബന്ധനം തന്നെ', അവിശ്വസനീയം, തെറ്റായ മാതൃകകൾ പാടില്ലെന്നും വനിതാ കമ്മീഷൻ

റഹ്മാൻ തെരഞ്ഞെടുത്ത രീതിയാണ് പ്രശ്നം. ഈ രീതി ശരിയായില്ല. അവർ തെരഞ്ഞെടുത്ത രീതിയെ മഹത്വവത്ക്കരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല- കമ്മീഷൻ അംഗം ഷിജി ശിവജി  

womens commission kerala visit  rehman and sajitha nenmara incident
Author
Palakkad, First Published Jun 15, 2021, 1:02 PM IST

പാലക്കാട്: നെന്മാറയിൽ പത്ത് വർഷം യുവാവ് യുവതിയെ ഒളിവിൽ പാർപ്പിച്ച സംഭവം അസാധാരണവും അവിശ്വസനീയവുമെന്ന് വനിതാ കമ്മീഷൻ. തേനും പാലും നൽകി കൂട്ടിലിട്ടാലും അത് ബന്ധനം തന്നെയാണെന്ന് കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

രഹ്മാനോടും സജിതയോടും സംസാരിച്ചു. പ്രയാസങ്ങളെന്തെങ്കിലും ഉണ്ടെന്ന് അവർ സമ്മതിക്കുന്നില്ല. സന്തുഷ്തരാണെന്നാണ് പറയുന്നത്. പത്ത് വർഷക്കാലം ഒരു സ്ത്രീയെ ബന്ധനത്തിൽ ആക്കുകയാണ് ചെയ്തത്. കുടുസുമുറിയിൽ 10 കൊല്ലം സുരക്ഷിതമായി ഇരുന്നു എന്നത് അംഗീകരിക്കാനാകില്ല. സമൂഹത്തിൽ തെറ്റായ മാതൃകകൾ ഉണ്ടാകാൻ പാടില്ലെന്നാണ് വനിതാ കമ്മീഷൻ കരുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 

10 കൊല്ലം മുമ്പ് പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ പൊലീസ് വേണ്ടത്ര ഇടപെട്ടില്ല. പൊലീസ് കുറച്ചു കൂടി ജാഗ്രത കാണിക്കേണ്ടിയിരുന്നുവെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു. പ്രയാസങ്ങളുണ്ടെന്ന് റഹ്മാനും സജിതയും സമ്മതിക്കുന്നില്ല. ഇനിയുള്ള ജീവിതം സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണമെന്നാണ് ഇരുവരും പറയുന്നതെന്നും ജോസഫൈൻ വിശദീകരിച്ചു

സജിതയെയും രഹ്മാനെയും കണ്ട് സംസാരിച്ചു. സാമ്പത്തിക പരാധീനതയും വീട്ടുകാരുടെ എതിർപ്പ് കാരണമാണ് ഒളിച്ചു കഴിഞ്ഞത് എന്നാണ് കമ്മീഷന് മുന്നിൽ നൽകിയ മൊഴിയെന്ന് കമ്മീഷൻ അംഗം ഷിജി ശിവജി പറഞ്ഞു. പൊതു സമൂഹത്തിന്റെ ആശങ്ക കമ്മീഷനുമുണ്ട്. ആ അടിസ്ഥാനത്തിലാണ് വന്നത്. രഹ്മാൻ സജിത എന്നിവരുമായും സംസാരിച്ചു. പ്രണയിക്കാം, ഒരുമിച്ച് ജീവിക്കാം. പക്ഷേ റഹ്മാൻ തെരഞ്ഞെടുത്ത രീതിയാണ് പ്രശ്നം. ഈ രീതി ശരിയായില്ല. അവർ തെരഞ്ഞെടുത്ത രീതിയെ മഹത്വവത്ക്കരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനും കഴിയില്ല. പ്രണയിനിയോ ഭാര്യയോ ആയിക്കോട്ടെ പക്ഷേ ഈ രീതിയെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും കമ്മീഷൻ അംഗം ഷിജി ശിവജി ആവർത്തിച്ചു. 

Follow Us:
Download App:
  • android
  • ios