മലപ്പുറം: പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവ ആർഎസ്എസിന്റെ നിയമമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ആർഎസ്എസിന്റെ നിയമം കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

"പശുവിന്റെയും ഭക്ഷണത്തിന്റെയും പേരിൽ നടന്ന കൊലകൾ രാജ്യത്തിന്റെ ഭരണ കർത്താക്കൾ അപലപിച്ചില്ല. മതനിരപേക്ഷത ഇല്ലാതാക്കി മതാധിഷ്ഠിത രാഷ്ട്രം സൃഷ്ടിക്കാനുള്ള ആർഎസ്എസിന്റെ നയം നടപ്പാക്കുന്നതിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. ഹിറ്റ്ലർ ജർമ്മനിയിൽ ചെയ്യുന്നതാണ് ആർഎസ്എസ് ഇവിടെ ചെയ്യുന്നത്. മുത്തലാഖ് നിയമത്തിൽ മുസ്ലീമിന്റെ വിവാഹ മോചനകാര്യം മാത്രം ക്രിമിനൽ നിയമത്തിൽ പെടുത്തി. മറ്റെല്ലാവരുടെ വിവാഹ മോചനം സിവിൽ നിയമത്തിൽ ഉൾപ്പെടുത്തി," എന്നും മുഖ്യമന്ത്രി പറഞ്ഞു.

"ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ മുന്നോടിയായുള്ളതാണ്. ഇത് രാജ്യത്തിന്റെ നിയമമല്ല. ആർഎസ്എസിന്റെ നിയമമാണ്. ആർഎസ്എസിന്റെ നിയമം കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല. ദേശീയ ജനസംഖ്യ രജിസ്റ്റർ സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടില്ല," എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമാപന സമ്മേളനത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. "ജനങ്ങൾ ഭയത്തിലും അവ്യക്തതയിലുമാണ്. ഒരു കാലത്തും ഒരു ഭരണകൂടവും ചെയ്യാൻ പാടില്ലാത്തതാണത്. ഭയമില്ലാതാക്കാനുള്ള പ്രസ്താവനകളും പ്രവർത്തനങ്ങളുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നത്. ഒരു നേതാവിന് അണികൾക്ക് ധൈര്യം കൊടുക്കാനുള്ള കഴിവാണ് വേണ്ടത്, അത് മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് സമസ്തയുടെ പൂർണ പിന്തുണ,"യുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.