തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിയിൽ കയറ്റിറക്ക് തൊഴിലാളി ആത്മഹത്യ ചെയ്ത നിലയിൽ. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറിനെ (50) ആണ് കമ്പനിക്കുള്ളിലെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ സമരത്തിനെത്തിയ തൊഴിലാളികളാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഫുല്ലചന്ദ്രന്‍റെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധിക്കുകയാണ് തൊഴിലാളികൾ ഇപ്പോൾ.

കഴിഞ്ഞ 145 ദിവസമായി കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്. നിരവധി ചർച്ചകൾ നടത്തിയിട്ടും ഇനിയും കമ്പനി തുറന്നിട്ടില്ല. തൊഴിലാളികൾ അന്നുമുതൽ ഇവിടെ സമരത്തിലാണ്. ഇന്നലെയും സമരപ്പന്തലിലുണ്ടായിരുന്ന പ്രഫുല്ല ചന്ദ്രൻ പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് തൊഴിലാളികൾ പറയുന്നു. 

അതേസമയം, ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിക്കെതിരെ ഐഎൻടിയുസി രംഗത്തെത്തി. തൊഴിലാളി പ്രഫുല്ലചന്ദ്രന്‍റെ മരണത്തിൽ ദുരൂഹതയുണ്ട്. സുരക്ഷാ സംവിധാനമുളള കമ്പനിക്കുള്ളിൽ തൊഴിലാളിക്ക് രാത്രി കയറാനാവില്ല. ഫാക്ടറിയിൽ ഉപകരണങ്ങൾ കമ്പനി അധികൃതർ കടത്തിയത് തൊഴിലാളി കണ്ടിരിക്കാം. ഇത് കണ്ട പ്രഫുല്ലചന്ദ്രനെ ആരോ അപകടപ്പെടുത്തിയെന്നും ഐഎൻടിയുസി ആരോപിക്കുന്നു. 

കളക്ടർ എത്താതെ മൃതദേഹം മാറ്റാൻ ആകില്ലെന്ന് തൊഴിലാളികൾ വ്യക്തമാക്കുകയാണ്. മൃതദേഹവുമായി പ്രതിഷേധിക്കുകയാണ് തൊഴിലാളികൾ. സ്ഥലത്ത് ശക്തമായ സമരം തുടരുന്നു. സബ് കളക്ടർ മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ എത്തി സ്ഥലത്ത് മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടത്തുകയാണിപ്പോൾ. 

വാർത്തയുടെ കൂടുതൽ വിവരങ്ങൾ കാണാം: