4 ലക്ഷം രൂപയ്ക്ക് തൊഴിലാളികളെ വിറ്റു; ലാവോസിലേക്ക് മനുഷ്യക്കടത്ത്; കേസെടുത്ത് തോപ്പുംപടി പൊലീസ്
പോയവർ തിരികെയെത്തി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ചൈനീസ് കമ്പനിയെ അടക്കം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഏജന്‍റിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കൊച്ചി: ലാവോസിലെ ചൈനീസ് കമ്പനിയിലേക്ക് മനുഷ്യക്കടത്തെന്ന പരാതിയിൽ എറണാകുളം തോപ്പും പടി പൊലീസ് കേസെടുത്തു. ആറുപേരെയാണ് പളളുരുത്തി സ്വദേശിയായ ഏജന്‍റ് വഴി ലാവോസിലെ യിങ് ലോങ് എന്ന കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്തത്. ഓൺലൈൻ തട്ടിപ്പുശ്യംഖലയുടെ ഭാഗമാക്കി ജോലിയെടുപ്പിക്കുന്നതിനാണ് കൊണ്ടുവന്നതെന്ന് അവിടെയെത്തിയപ്പോഴാണ് മനസിലായത്. ഒരാള്‍ക്ക് നാലുലക്ഷം രൂപ വീതം ചൈനീസ് കമ്പനി ഏജന്‍റിന് നൽകുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. പോയവർ തിരികെയെത്തി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ചൈനീസ് കമ്പനിയെ അടക്കം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഏജന്‍റിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
നേരത്തെ തിരുവനന്തപുരത്തും സമാനമായ രീതിയിലുള്ള സംഭവം നടന്നിരുന്നു. അതായത് മനുഷ്യക്കടത്തിന്റെ ഭാഗമായി ആളുകളെ വിദേശത്ത് എത്തിക്കുകയും അവിടെ വെച്ച് ചൈനീസ് കമ്പനികൾക്ക് വിറ്റ് അവരെ പിന്നീട് ഓൺലൈൻ തട്ടിപ്പിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു എന്നുള്ളതായിരുന്നും ആരോപണം. സമാനമായ രീതിയിൽ ആറ് പേരാണ് തോപ്പുംപടി ഭാഗത്ത് നിന്ന് ലാവോസിലേക്ക് പോയത്. ഇവിടെ നിന്നുള്ള ഏജന്റാണ് കൊണ്ടുപോയത്. അവരെ യിങ്ലോങ് എന്ന കമ്പനിക്ക് വിറ്റു എന്നാണ് പറയുന്നത്. ഓരോരുത്തർക്കും നാല് ലക്ഷം രൂപ വീതമാണ് കമ്പനി ഏജന്റിന് നൽകിയത്. ആകെ 24 ലക്ഷം രൂപ കിട്ടി എന്ന് പറയപ്പെടുന്നു.
കൊണ്ടുപോയ ആളുകളെ ഓൺലൈൻ തട്ടിപ്പിന്റെ ഭാഗമാക്കി മാറ്റി ഒരു മുറിയിൽ അടച്ചു എന്നാണ് പറയപ്പെടുന്നത്. അവിടെ മലയാളികൾ അടക്കമുള്ള മറ്റ് ആളുകളും ഉണ്ടായിരുന്നു. പലരെയും മർദിക്കുന്നത് തങ്ങൾ കണ്ടിട്ടുണ്ട് എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇവർ അവിടെ തടവിലായിരുന്നു. ഇത് മനുഷ്യക്കടത്തിന്റെ ഭാഗമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഏജന്റായ മലയാളിയെ പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തിവരുന്നതായും പൊലീസ് അറിയിച്ചു.