Asianet News MalayalamAsianet News Malayalam

നവകേരള നിർമാണത്തിൽ ലോകബാങ്ക് വായ്പയ്ക്ക് അംഗീകാരം; ആദ്യഗഡു 3500 കോടി

നവകേരളനിർമിതിയ്ക്ക് ആകെ 32,000 കോടി രൂപ വേണമെന്നാണ് കണക്കുകൂട്ടൽ. ഇതിനായി ലോകബാങ്കിൽ നിന്ന് വാങ്ങുന്ന വായ്പയുടെ ആദ്യഗഡുവാണ് 3500 കോടി രൂപ. 

world bank loan of 3500 crores kerala cabinet gives approval
Author
Thiruvananthapuram, First Published Mar 5, 2019, 12:20 PM IST

തിരുവനന്തപുരം: നവകേരള നിർമിതിയ്ക്കായി ലോകബാങ്ക് വായ്പയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. 3500 കോടി രൂപയാണ് വായ്പയുടെ ആദ്യഗഡുവായി സ്വീകരിക്കുന്നത്. 70ഃ30 അനുപാതത്തിലാണ് വായ്പയെടുക്കുക. 1500 കോടി രൂപ സർക്കാർ സമാഹരിച്ച് നൽകും. അങ്ങനെ ആകെ 5000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ വർഷം ജൂൺ മാസത്തോടെ വായ്പ ലഭ്യമാക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വായ്പ ലഭ്യമാക്കാൻ മുന്നോടിയായി സ്വീകരിക്കേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. 

കേരളത്തിന്‍റെ ബൃഹത്തായ പുനർനിർമാണത്തിനായി റീബിൽഡ് കേരള വികസന പദ്ധതി കരട് രേഖ പരിഗണിച്ചു. ഈ രേഖ ഇന്ന് വൈകിട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഈ കരട് രേഖ വിലയിരുത്തും. പ്രവാസി മലയാളികളുടെയും കേരളത്തിനകത്തും പുറത്തും താമസിക്കുന്ന വിദഗ്ധരുടെയും ടെക്കികളുടെയും പൗരൻമാരുടെയും നിർദേശങ്ങളടങ്ങിയതാണ് കരട് രേഖ. 

പുറമ്പോക്കിൽ താമസിക്കുന്ന പ്രളയബാധിത കുടുംബങ്ങൾക്ക് അവരുടെ തൊട്ടടുത്ത ബ്ലോക്കിൽ മൂന്ന് മുതൽ അഞ്ച് സെന്‍റ് വരെ ഭൂമി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ വീട് വയ്ക്കാനായി കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വരെ നൽകും. സർക്കാർ വക ഭൂമിയില്ലെങ്കിൽ പുതിയ ഭൂമി വാങ്ങാൻ പരമാവധി ആറ് ലക്ഷം രൂപ നൽകും. ഈ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വഹിക്കാനും തീരുമാനമായി. 

Follow Us:
Download App:
  • android
  • ios