വെള്ളത്തിലൂടെ പകരുന്ന സാന്തോമൊണാസ് ഒറൈസേയെന്ന ബാക്ടീരിയയാണ് രോഗം പടർത്തുന്നത്

പാലക്കാട് : പാലക്കാട് ജില്ലയിൽ നെൽവയലുകളിൽ ഓല കരിച്ചില്ലും ചിലന്തി മണ്ഡരിയും പടരുന്നു. മരുന്ന് തളിച്ചിട്ടും ഫലിക്കാത്തതിനാൽ ആശങ്കയിലാണ് കർഷകർ.

മഴമാറി, വെയിലുറച്ചതോടെ പാലക്കാട്ടെ ചില പാടശേഖരങ്ങളിൽ നെൽച്ചെടികൾക്ക് രോഗബാധ. ഓലകരിയുന്നതാണ് പ്രധാന പ്രശ്നം. കതിരിട്ട് തുടങ്ങുന്ന പാടത്ത് ഉൾപ്പെടെ ഓല കരിയുന്നുണ്ട്.

വെള്ളത്തിലൂടെ പകരുന്ന സാന്തോമൊണാസ് ഒറൈസേയെന്ന ബാക്ടീരിയയാണ് രോഗം പടർത്തുന്നത്. ചില പ്രദേശങ്ങളിൽ ചിലന്തി മണ്ഡരിയും വ്യാപിക്കുന്നുണ്ട്.

കീടങ്ങളെ നശിപ്പിക്കാൻ മരുന്നടിച്ചിട്ടും ഫലമില്ലെന്ന് കർഷകർ പറയുന്നു. അധ്വാനം മുഴുവൻ പാഴായി പോകുമോ എന്ന ആശങ്ക ഉണ്ട് കർഷകർക്ക്. കഴിഞ്ഞ വർഷമാണ് ജില്ലയിൽ ആദ്യമായി ചിലന്തി മണ്ഡരി റിപ്പോർട്ട് ചെയ്തത്. രോഗത്തെ പ്രതിരോധിക്കാൻ വിദഗ്ധ പഠനം വേണമെന്നാണ് ആവശ്യം

കർഷകർക്ക് ആശ്വാസവുമായി ഹോർട്ടികോർപ്, വിൽക്കുന്ന പച്ചക്കറിയുടെ പണം ബാങ്ക് വഴി നൽകും

തൊടുപുഴ : സംസ്ഥാനത്ത് ഹോർട്ടി കോര്‍പിന് പച്ചക്കറി വില്‍ക്കുന്ന കർഷകർക്ക് പണം വൈകുന്നു എന്ന പരാതിക്ക് പരിഹാരവുമായി കൃഷിവകുപ്പ്. പച്ചക്കറി വില്‍ക്കുമ്പോള്‍ തന്നെ ബാങ്കുവഴി പണം നല്‍കാനുള്ള സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.നെല്‍ കർഷകർക്ക് പണം സ്റ്റേറ്റ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതി ഓണക്കാലത്തിന് മുന്പ് നടപ്പിലാക്കാനാണ് സർക്കാർ നീക്കം

ഓണത്തിന് പച്ചക്കറി വില്‍ക്കുന്ന കർഷകര്‍ക്ക് 6 മുതല്‍ എട്ടു മാസം വരെ താമസിച്ചാണ് ഹോര്‍ട്ടി കോർപ്പ് സാധാരണയായി വില നല്‍കാറ്. ഇത് കാലങ്ങളായി വലിയ പരാതിക്ക് ഇട നല്‍കുന്നുമുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ഇത്തവണ പച്ചക്കറി നല്‍കില്ലെന്ന് വരെ ഇടുക്കിയിലെ കര്‍ഷകർ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പരാതികൾക്ക് ഒക്കെ പരിഹാരമാകുകയാണ്. പച്ചക്കറി വിൽക്കുന്ന കർഷകര്‍ക്ക് ലഭിക്കുന്ന ബില്ലുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ പോയാല്‍ ഉടന്‍ പണം കിട്ടുന്ന പുതിയ സംവിധാനത്തിനാണ് സര്‍ക്കാർ ഒരുങ്ങുന്നത്.

ബില്ലിന്‍റെ അടിസ്ഥാനത്തില്‍ കര്‍ഷകർക്ക് ബാങ്ക് നല്‍കുന്ന പണം പിന്നീട് പലിശ സഹിതം ഹോര്‍ട്ടി കോർപ്പ് നൽകും . ഈ ഓണക്കാലത്ത് പുതിയ സംവിധാനം ഏർപെടുത്താനാണ് കൃഷിവകുപ്പിന്‍റെ ശ്രമം. സാങ്കേതിക പ്രശനം മൂലം പദ്ധതി അല്‍പം വൈകിയാലും ഇത്തവണ കര്‍ഷകര്‍ക്ക് പണം ആവശ്യപെട്ട് ഓഫിസുകള്‍ കയറി ഇറങ്ങേണ്ട ഗതികേട് ഉണ്ടാകില്ലെന്നാണ് ഹോര്‍ട്ടികോര്‍പ്പ് നല്‍കുന്ന ഉറപ്പ്