അന്ന് കരുതിയത് രഞ്ജിത്ത് വേട്ടക്കാർക്കൊപ്പമാണല്ലോ എന്നാണ്, ഇന്നലെ മനസ്സിലായി വേട്ടക്കാരൻ കൂടിയാണെന്ന്: ഷഹനാസ്
വെറുമൊരു സംവിധായകനെ കുറിച്ചല്ല, സർക്കാരിനെ പ്രതിനിധീകരിക്കുന്ന ചലച്ചിത്ര അക്കാദമി ചെയർമാനെതിരെയാണ് മുഖം മറയ്ക്കാതെ വന്ന് സ്ത്രീ വെളിപ്പെടുത്തൽ നടത്തിയത്. ആ സ്ത്രീ കേസ് കൊടുക്കട്ടെ എന്ന് പറയുന്ന മന്ത്രിയുള്ള കേരളത്തിൽ എങ്ങനെയാണ് സ്ത്രീകൾക്ക് നീതി കിട്ടുകയെന്നാണ് ഷഹനാസിന്‍റെ ചോദ്യം
കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ എഴുത്തുകാരിയും പ്രസാധകയുമായ ഷഹനാസ്. താൻ പരാതി ഉന്നയിച്ച സാഹിത്യകാരൻ വി ആർ സുധീഷിനെ രഞ്ജിത്ത് പിന്തുണച്ചിരുന്നുവെന്ന് ഷഹനാസ് പറഞ്ഞു. അന്ന് താൻ വിചാരിച്ചത് രഞ്ജിത്ത് വേട്ടക്കാർക്കൊപ്പമാണല്ലോ എന്നാണ്. ഇന്നലെ സ്ത്രീയുടെ വെളിപ്പെടുത്തൽ കേട്ടതോടെ രഞ്ജിത്ത് വേട്ടക്കാർക്കൊപ്പം മാത്രമല്ല ഒരു വേട്ടക്കാരൻ കൂടിയാണെന്ന് മനസ്സിലായെന്ന് ഷഹനാസ് പ്രതികരിച്ചു.
താൻ പങ്കെടുത്ത ഒരു ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് മദ്യപിച്ച് ലക്കുകെട്ട് വന്നിരുന്നതിനെ കുറിച്ച് നേരത്തെ സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞിരുന്നുവെന്ന് ഷഹനാസ് വിശദീകരിച്ചു. വെറുമൊരു സംവിധായകനെ കുറിച്ചല്ല, സർക്കാരിനെ പ്രതിനിധീകരിക്കുന്ന ചലച്ചിത്ര അക്കാദമി ചെയർമാനെതിരെയാണ് മുഖം മറയ്ക്കാതെ വന്ന് സ്ത്രീ വെളിപ്പെടുത്തൽ നടത്തിയത്. മുഴുവൻ മലയാളികൾക്കും അപമാനകരമായ സംഭവമാണ് ഉണ്ടായത്. എന്നിട്ട് കേരളത്തിന്‍റെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറയുന്നത് രഞ്ജിത്ത് പ്രഗത്ഭനാണെന്നാണ്. പിന്നെ കേരളത്തിലെ സ്ത്രീകൾക്ക് എങ്ങനെ നീതി ലഭിക്കുമെന്ന് ഷെഹനാസ് ചോദിക്കുന്നു.
സിനിമാ മേഖലയിലെ അതിജീവിതയെ ചലച്ചിത്ര മേളയുടെ വേദിയിൽ കൊണ്ടുവന്നപ്പോൾ രഞ്ജിത്തിനെ താനടക്കമുള്ള സ്ത്രീകൾ ബഹുമാനിച്ചിരുന്നുവെന്ന് ഷഹനാസ് പറഞ്ഞു. വി ആർ സുധീഷ് എന്ന എഴുത്തുകാരനെതിരെ താൻ പരാതിപ്പെട്ടപ്പോൾ സുധീഷിനെ സംരക്ഷിച്ച വ്യക്തിയാണ് രഞ്ജിത്തെന്ന് ഷഹനാസ് പറയുന്നു. പല വേദികളിൽ നിന്നും വി ആർ സുധീഷിനെ മാറ്റിനിർത്തിയപ്പോൾ ചലച്ചിത്ര അക്കാദമി നടത്തിയ ചടങ്ങിൽ സുധീഷിനെ ചേർത്തുപിടിച്ചയാളാണ് രഞ്ജിത്ത്. അന്ന് താൻ വിചാരിച്ചത് ഇയാൾ വേട്ടക്കാർക്കൊപ്പമാണല്ലോ എന്നാണ്. എന്നാൽ നടിയുടെ വെളിപ്പെടുത്തലോടെ മനസ്സിലായത് രഞ്ജിത്ത് വേട്ടക്കാർക്കൊപ്പം മാത്രമല്ല ഒരു വേട്ടക്കാരൻ കൂടിയാണ് എന്നാണെന്ന് ഷഹനാസ് പറഞ്ഞു.
തുറന്നുപറഞ്ഞ് നിയമപരമായി മുന്നോട്ടുപോയിട്ടുള്ള ഏത് സ്ത്രീക്കാണ് നീതി കിട്ടിയിട്ടുള്ളതെന്ന് ഷഹനാസ് ചോദിക്കുന്നു. ഇന്ത്യയിൽ ഒരു സ്ത്രീക്കുണ്ടായ മോശം അനുഭവം പറഞ്ഞാൽ സ്വമേധയാ കേസെടുക്കാം. ഇന്നലെ ആ സ്ത്രീ വന്ന് മുഖം കാണിച്ച് പേര് പറഞ്ഞ് വെളിപ്പെടുത്തൽ നടത്തി. എന്നിട്ടും ആ സ്ത്രീ കേസ് കൊടുക്കട്ടെ എന്ന് പറയുന്ന മന്ത്രിയുള്ള കേരളത്തിൽ എങ്ങനെയാണ് സ്ത്രീകൾക്ക് നീതി കിട്ടുകയെന്നാണ് ഷഹനാസിന്‍റെ ചോദ്യം. സിനിമയിലെ കാസ്റ്റിംഗ് കൌച്ചിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണല്ലോ. സാംസ്‌കാരിക മേഖലയിൽ ഇങ്ങനൊരു കമ്മിറ്റി വച്ചാൽ ഇതിനപ്പുറമുള്ള ഭൂകമ്പം നടക്കും. താൻ പരസ്യമായി സ്വന്തം അനുഭവങ്ങൾ പറഞ്ഞിട്ടുള്ളയാളാണ്. പലരും രഹസ്യമായി തന്നോട് പല ദുരനുഭവങ്ങളും പറഞ്ഞിട്ടുണ്ട്. സാംസ്‌കാരിക മേഖലയിലും ഒരു കമ്മിറ്റിയെ വയ്ക്കണമെന്ന് ഷഹനാസ് അഭ്യർത്ഥിച്ചു.