തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ പരിഹസിച്ച കോണ്‍ഗ്രസ് യുവനേതാക്കന്മാരെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തമ്മിലടിച്ച് എഴുത്തുകാരന്‍ ബെന്യാമിനും അരുവിക്കര എംഎല്‍എ ശബരീനാഥനും. യുവ കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച ബെന്യാമിനെ ആസ്ഥാന കവിയെന്നാണ് ശബരീനാഥന്‍ എംഎല്‍എ പരിഹസിക്കുന്നത്. ജനാധിപത്യ കാലത്ത് ചിലരെ വാഴ്ത്താൻ വേണ്ടി സെലെക്ടിവായി പേന ചലിപ്പിക്കുന്ന ആസ്ഥാനകവി എന്ന പട്ടം ആർക്കും ഭൂഷണമല്ല. സ്പ്രിംഗ്ളര്‍ വിവാദം സാമാന്യതകളില്ലാത്ത ഒരു അഴിമതിയാണ്. യുഡിഎഫുകാർ മുഖ്യമന്ത്രിയെ ട്രോളിയെതിനേക്കാളും ഗൗരവമുള്ള വിഷയമാണ് ഇത്.

മരുഭൂമിയിൽ കിടന്നു ആടുജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് നജീബുമാരുടെയും കുടുംബാംഗങ്ങളുടെയും രേഖകളാണ് അവരുടെ അനുവാദമില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്നത്. ഒരു വലിയ മനുഷ്യാവകാശ ലംഘനമാണ് നിങ്ങളുടെ മുന്നിൽ ഇപ്പോൾ നടക്കുന്നത്. അതുകൊണ്ടു നിങ്ങൾ ഈ വിഷയത്തിൽ ഒന്ന് പ്രതികരിക്കണം. "കൊഞ്ഞാണൻമാർ" എന്ന് ഞങ്ങളെ വിളിച്ചതുപോലെ ഭരണപക്ഷത്തെ നിങ്ങൾ അഭിസംബോധന ചെയ്യണം എന്ന് ഞാൻ ഒരിക്കലും പറയില്ല, കാരണം അത് എന്റെ സംസ്കാരമല്ലെന്നാണ് ബെന്യാമിനെതിരെ ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
 

എന്നാല്‍ ശബരീനാഥന്‍റെ ഫേസ്ബുക്ക് കുറിപ്പിന് രൂക്ഷ പരിഹാസവുമായാണ് എഴുത്തുകാരന്‍ നല്‍കിയിട്ടുള്ളത്. രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി ഞങ്ങൾ സാധാരണക്കാർ വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രിയെ കേൾക്കാനിരുന്നത് കോവിഡ് വ്യാപനത്തിന്റെ തോതും സുര‌ക്ഷാ മാനദണ്ഡങ്ങളും ജനങ്ങൾക്ക് എത്തിക്കാൻ പോകുന്ന സഹായങ്ങളും എന്തെന്ന് അറിയാൻ ആണ്. പക്ഷേ അതിൽ നിങ്ങൾക്കുള്ള അസഹ്യതയും അസൂയയും കുശുമ്പും ആ പോസ്റ്റിലൂടെ അറിയാതെ വെളിപ്പെട്ടു പോയി ശബരി. അതിലൂടെ നിങ്ങൾ പരിഹസിച്ചത് മുഖ്യമന്ത്രിയെ അല്ല, ഞങ്ങൾ സാധാരണക്കാരെയാണ്. അതിന്റെ ജാള്യത മറയ്ക്കാൻ അതിനെ സ്പ്രിംഗ്ളര്‍ വിഷയവുമായി കൂട്ടികെട്ടേണ്ടതില്ല. ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്നു പറയുന്ന രാഷ്ട്രീയ മറുപടി ഇങ്ങോട്ട് വേണ്ടെന്ന് ബെന്യാമിന്‍ മറുപടി കുറിപ്പില്‍ വിശദമാക്കുന്നു. 

ടിവിയിൽ മുഖം കാണിക്കാൻ ഒരു വകുപ്പും കാണാതെ നെഞ്ചു പുകഞ്ഞിരുന്ന ചിലർ ഉയർത്തിക്കൊണ്ടു വന്ന വിവാദത്തിനു ഐ ടി. സെക്രട്ടറി ശിവശങ്കർ നൽകിയ മറുപടിയിൽ വിശ്വസിക്കാനണ് എനിക്കിപ്പോൾ താത്പര്യം. കാരണം രണ്ട് പ്രളയങ്ങളെയും നിപ്പയെയും ഇപ്പോൾ ഈ മഹാമാരിയെയും അതിജീവിക്കാനും പ്രതിരോധിക്കാനും മുന്നിൽ നിന്ന് തെളിയിച്ചു കാണിച്ച ഒരു സർക്കാർ പറയുന്നത് വിശ്വസിക്കാൻ അനുഭവസ്ഥനായ ആയ ഞാൻ ഇഷ്ടപ്പെടുന്നു. സോളാർ സരിതയെ പാതിരാത്രിയോളം ഊഴം കാത്തിരുന്ന് വിളിച്ച് വികസനം കൊണ്ടുവന്ന ‘യുവകേസരികൾക്ക്’ ഒപ്പം കൂടി ഇപ്പോൾ താങ്കൾ ഉയർത്തുന്ന വിവാദങ്ങളിൽ വിശ്വസിക്കാൻ തൽക്കാലം മനസില്ലെന്നും ബെന്യാമിന്‍ വ്യക്തമാക്കി.