തിരുവനന്തപുരം: തന്നെ എഴുത്തുകാരനാക്കിയത് ബെഹ്‌റിനിലെ പ്രവാസി ജീവിതമാണെന്ന് ബെന്യാമിന്‍. ഇരുപത് വര്‍ഷത്തോളമുള്ള തന്റെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും മടങ്ങി വരവിലൂടെ തനിക്കുണ്ടായ മാറ്റങ്ങളും തന്നെ എഴുത്തുകാരനാക്കുകയായിരുന്നു. പ്രവാസി മലയാളികള്‍ അന്യദേശങ്ങളില്‍ കേരളത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. നമുക്ക് നമ്മുടെ നാടിന്റെ കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും ചേരുന്ന ഇടങ്ങള്‍ ഇനി എങ്കിലും ഉണ്ടാക്കണം.  മറ്റുള്ള ഇടങ്ങളില്‍ നിന്നും ആശയങ്ങള്‍ കടം കൊള്ളുന്ന പ്രവണത നിര്‍ത്തണമെന്നും ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. 

കനകക്കുന്നില്‍ ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്‌സും സംയുക്തമായി സംയു്കതമായി സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ 'മടങ്ങി വരുന്ന കേരള പ്രവാസികളുടെ നഗരം' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമത്തിനെ പുനരാവിഷ്‌ക്കരിക്കാനുള്ള മനുഷ്യന്റെ ആഗ്രഹം ആരാലും തടുക്കാന്‍ കഴിയാത്തതാണെന്നും, ഇവിടെയുള്ള വീടിന്റെ രൂപകല്പനകള്‍ പലതും പുറം രാജ്യങ്ങളില്‍ നിന്ന് ദത്തെടുത്തവയാണെന്നും ബെന്യാമിന്‍ പറഞ്ഞു. സാഹിത്യ നിരുപകനും അധ്യാപകനുമായ ടി ടി ശ്രീകുമാര്‍, എഴുത്തുകാരനായ എം നന്ദകുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.