ശക്തമായ പ്രതിഷേധം ഉയരാത്തത് കൊണ്ടാണ് ഭരണകൂടം ബ്രൂവറി പദ്ധതിയിൽ നിന്ന് പിന്മാറാത്തതെന്നും സി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു

തൃശൂ‍ർ: ബ്രൂവറി വിഷയത്തിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ രംഗത്ത്. പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ സർക്കാരിനെതിരെ വിമർശനമുന്നയിച്ച രാധാകൃഷ്ണൻ, സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ടു. ഭൂമിയുടെ തൊലി കീറിമുറിച്ച അവസ്ഥയിലേക്ക് എത്തി. നാളത്തെ തലമുറയ്ക്ക് മദ്യം കുടിച്ച് ജീവിക്കാനാകില്ല, അതിന് ശുദ്ധജലം തന്നെ വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്ലാച്ചിമട പൂട്ടിച്ചു, പിന്നെയാണോ ബ്രൂവറിയെന്ന് വർഗീസ് ജോർജ്ജ്; ഇടതുമുന്നണി യോഗം അടിയന്തരമായി വിളിക്കണം

ശക്തമായ പ്രതിഷേധം ഉയരാത്തത് കൊണ്ടാണ് ഭരണകൂടം ബ്രൂവറി പദ്ധതിയിൽ നിന്ന് പിന്മാറാത്തതെന്നും സി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. മൗനം സമ്മതം എന്ന അവസ്ഥയിലേക്ക് എത്തിയത് എന്തുകൊണ്ട് എന്നറിയില്ലെന്നും 86 -ാം വയസിലെ പ്രതികരണം ഇനിയും നിശബ്ദനായി ഇരിക്കാൻ കഴിയാത്തത് കൊണ്ടെന്നും അദ്ദേഹം വിവരിച്ചു.

അതിനിടെ പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതിയാരോപണം ശക്തമാക്കി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്നും മന്ത്രി എംബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാട് എലപ്പുള്ളിയിൽ മദ്യ നിർമാണശാല നിർമ്മിക്കാൻ മന്ത്രി ഉയർത്തിയ ചീട്ടുകൊട്ടാരം തകർന്നു. മദ്യനയം മാറിയത് ഒരു സ്വകാര്യ കമ്പനി മാത്രമാണ് അറിഞ്ഞത്. സംസ്ഥാന സർക്കാരിന്‍റെ ക്ഷണപ്രകാരമാണ് മദ്യ നിർമാണശാല ആരംഭിക്കുന്നതെന്ന് ഒയാസിസ് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ജല അതോറിറ്റിക്ക് നൽകിയ അപേക്ഷയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. മദ്യ നയം മാറുന്നതിനു മുമ്പ് കമ്പനിയുമായി ഡീൽ ഉണ്ടാക്കി. ഈ കമ്പനിക്ക് വേണ്ടിയാണ് സർക്കാർ മദ്യം നയം മാറ്റിയത്. സർക്കാർ കമ്പനിയെ ക്ഷണിക്കും മുമ്പ് കമ്പനിക്ക് ഐ ഒ സി അനുമതി ലഭിച്ചിട്ടില്ല. 2023ൽ പദ്ധതിക്ക് വെള്ളം ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റിക്ക് കമ്പനി കത്ത് നൽകി. സർക്കാരിന്‍റെ ക്ഷണപ്രകാരമാണ് കമ്പനി ആരംഭിക്കുന്നതെന്ന് കത്തിൽ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് സർക്കാർ കമ്പനിയെ കേരളത്തിലേക്ക് ക്ഷണിച്ചു. 2023 ജൂണ്‍ 16നാണ് കമ്പനി വാട്ടര്‍ അതോറിറ്റിക്ക് കത്ത് നൽകിയത്. അതേദിവസം തന്നെ വാട്ടർ അതോറിറ്റി മറുപടി നൽകി. 2023ൽ കേരളത്തിൽ മദ്യനിർമാണ ശാല തുടങ്ങാൻ കമ്പനി ഐഒസിയിലും അപേക്ഷ നൽകി.കമ്പനിയും എക്സൈസ് മന്ത്രിയുമായി ഡീല്‍ നടന്നു. എംബി രാജേഷുമായി കെ കവിത ചര്‍ച്ച നടത്തിയെന്നും വിഡി സതീശൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം