സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി

തിരുവനന്തപുരം: തിരുപ്പിറവിയുടെ ഓർമ പുതുക്കൽ ദിനമായ ക്രിസ്മസിനെ കേരളത്തിലും വിശ്വാസികൾ ആഘോഷപൂർവം വരവേറ്റു. പ്രാർത്ഥനാനിർഭരമായ മനസ്സുമായി സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശ്വാസികൾ പാതിരാക്കുർബാനയ്ക്കായി ഒത്തുചേർന്നു. വിഭാഗീയതകള്‍ സൃഷ്ടിച്ച് വിശ്വാസികള്‍ മാറി നിന്നാല്‍ നാശമുണ്ടാകുമെന്ന് കുര്‍ബാന വിവാദം ചൂണ്ടിക്കാട്ടി സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.

സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. കുര്‍ബാന രീതിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ എറണാകുളം സെന്‍റ് മേരീസ് ബസിലിക്ക ഒഴിവാക്കിയായിരുന്നു ചടങ്ങുകള്‍.ഏകീകൃത കുര്‍ബാന ക്രമം അനുസരിച്ചാണ് കര്‍ദിനാള്‍ കുര്‍ബാന അര്‍പ്പിച്ചത്.

വികസനത്തിന്‍റെ പേരില്‍ ഗോഡൗണില്‍ കഴിയുന്നവരേയും ഓര്‍മ്മിക്കണം എന്നായിരുന്നു വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്‍റെ പേരില്‍ വീട് നഷ്ടപ്പെട്ടവരെ പരാമര്‍ശിച്ച് ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ പ്രതികരണം. വിഴിഞ്ഞത്ത് ആളുകള്‍ ഗോഡൗണുകളില്‍ കിടക്കുന്നത് സങ്കടകരമെന്നും അദ്ദേഹം പറഞ്ഞു പാളയം സെന്‍റ് ജോസഫ് കത്തീഡ്രലില്‍ പാതിരാ കുര്‍ബാന ശുശ്രൂഷകള്‍ക്ക് ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നല്‍കി.

ബഫര്‍ സോണ്‍ ആശങ്കയിലാണ് മലയോര ജനതയെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി മേരീ മാതാ കത്തീഡ്രലില്‍ ചടങ്ങുകള്‍ക്ക് ബിൽപ്പ് മുഖ്യ കാര്‍മികത്വം വഹിച്ചു. കോതമംഗലം മൗണ്ട് സീനായ് അരമന ചാപ്പലിൽ പാതിരാ കുർബാന ശുശ്രൂഷയ്ക്ക് യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. ഒമാനിലെ സലാല സെന്‍റ് സ്റ്റീഫൻസ് ഓര്‍ത്തഡോക്‌സ് ഇടവകയിൽ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ പ്രത്യേക ശുശ്രൂഷ നടന്നു. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് പള്ളിയിൽ കര്‍ദിനാൾ ക്ലീമ്മിസ് കാതോലിക ബാവ പ്രാര്‍ത്ഥനകൾക്ക് നേതൃത്വം നൽകി. പളളിയിലെ ഗായക സംഘം അവതരിപ്പിച്ച ക്രിസ്മസ് കരോളുമുണ്ടായിരുന്നു.