മുഖ്യമന്ത്രി വി ഡി സതീശൻ തുഷാർ വെള്ളാപ്പള്ളിയുമായി നടത്തിയ കൂടിക്കാഴ്ചയെ കോൺഗ്രസ് വക്താവ് അനൂപ് വി ആർ വിമർശിച്ചു. വർഗീയ വിദ്വേഷ പ്രചാരകന് കൂടിക്കാഴ്ചക്ക് സമയം അനുവദിക്കാൻ പാടില്ലായിരുന്നുവെന്ന് അനൂപ് നിലപാടെടുത്തപ്പോൾ, മുഖ്യമന്ത്രി കാണാന്‍ വരുന്ന ആരെയും കാണുമെന്ന മറുപടിയുമായി ബിആർഎം ഷരീഫ്  രംഗത്തെത്തി. 

തിരുവനന്തപുരം: തുഷാർ വെള്ളാപ്പളളി - മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ചയെ വിമർശിച്ച് കോണ്‍ഗ്രസ് വക്താവ് അനൂപ് വി ആർ. സീനിയർ വെള്ളാപ്പള്ളി ആയാലും ജൂനിയർ വെള്ളാപ്പള്ളിയെ ആയാലും ചർച്ചക്ക് ഇരുത്തി 'ലെജിറ്റിമിസി' ഉണ്ടാക്കികൊടുക്കുന്നത് അധികാരത്തിൽ ഇരിക്കുന്ന ആരുടെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാൻ കഴിയില്ലെന്ന് അനൂപ് പ്രതികരിച്ചു. വെള്ളാപ്പള്ളിമാരുടെ വിദ്വേഷ പ്രസ്താവനകൾക്ക് എതിരെ നടത്തിയ പോരാട്ടത്തിൻ്റെ ഫലം കൂടിയാണ് , ഇന്നത്തെ ഈ അധികാരം എന്ന് ബന്ധപ്പെട്ടവരെ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. തുഷാർ വെള്ളാപ്പള്ളിയെ എസ്എൻഡിപി യോഗത്തിൻ്റെ പ്രതിനിധിയായി ചർച്ചയ്ക്ക് നിയോഗിച്ചപ്പോൾ, എൻഡിഎ ഘടകകക്ഷി നേതാവുമായി ചർച്ചയ്ക്ക് തയ്യാർ അല്ല എന്ന് പറഞ്ഞ് അതിൽ നിന്ന് പിൻമാറിയതും അനൂപ് വി ആർ ഓർമിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രി കാണാന്‍ വരുന്ന ആരെയും കാണുമെന്നും ഏത് ശത്രുവിനെയും ആദരവോടെ സ്വീകരിക്കുമെന്നും ബിആർഎം ഷരീഫ് പോസ്റ്റിന് താഴെ പ്രതികരിച്ചു. ഒരാളുടേയും തിണ്ണ നിരങ്ങാനോ വര്‍ഗ്ഗീയതയോട് സന്ധി ചെയ്യാനോ പോകില്ല. ഈ വ്യത്യാസം മനസ്സിലാക്കാതെ ചൊറിയുന്നത് ഏത് ഉദ്ദേശ്യത്തോടെയെന്ന് എല്ലാവർക്കും അറിയാം. കോണ്‍ഗ്രസ് ലേബലില്‍ ചാനലില്‍ പോകുന്നവര്‍ പാര്‍ട്ടി മര്യാദ കാണിക്കണമെന്നും ഇവിടെ ഒരുത്തനും അനിവാര്യനല്ലെന്നും ബിആർഎം ഷരീഫ് പ്രതികരിച്ചു.

ഏത് പൗരനും ഓഫീസിൽ കയറി മുഖ്യമന്ത്രിയെ കാണുന്നത് പോലെയാണോ തുഷാർ മുഖ്യമന്ത്രിയെ കണ്ടതെന്നാണ് അനൂപിന്‍റെ മറുപടി. മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ കാണുന്നതും കസവ് ഷാൾ അണിയിക്കുന്നതും ഒരു സ്റ്റേറ്റ്മെൻ്റ് ആണ്. അതിനുള്ള അവസരം തുഷാറിന് ലഭിക്കാൻ പാടില്ലായിരുന്നു എന്ന് തന്നെയാണ് അഭിപ്രായമെന്നുമാണ് അനൂപിന്‍റെ മറുപടി. തുഷാർ സാമ്പത്തിക കുറ്റകൃത്യത്തിന് ജയിലിൽ കിടന്ന ആൾ ആണ്. സാമ്പത്തിക കുറ്റവാളി കൂടിയായ ഒരു വർഗീയ വിദ്വേഷ പ്രചാരകന് കൂടിക്കാഴ്ചക്ക് സമയം അനുവദിക്കാൻ പാടില്ലായിരുന്നു എന്ന് തന്നെയാണ് നിലപാടെന്നും അനൂപ് വി ആർ വ്യക്തമാക്കി.