കോട്ടയം: വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം കുറുമുള്ളൂർ സ്വദേശി മഞ്ജുനാഥ് ആണ് മരിച്ചത്. 39 വയസായിരുന്നു. ഒരാഴ്ച മുമ്പാണ് മഞ്ജുനാഥ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് കടുത്ത ചുമയും പനിയും അനുഭപ്പെട്ടതോടെ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി പരിശോധിച്ചിരുന്നു.

വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു പരിശോധനയ്ക്ക് ശേഷം നിര്‍ദേശം നല്‍കിയത്. എന്നാല്‍, രണ്ട് ദിവസമായി അസുഖം മൂര്‍ച്ഛിച്ചതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. അവശ നിലയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മഞ്ജുനാഥിന് ചികിത്സ വൈകിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

പക്ഷേ, രണ്ടു രോഗികൾ ഒരേ സമയം എത്തിയപ്പോൾ സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് മെഡിക്കൽ കോളേജ് വിശദീകരണം. പോസ്റ്റുമോര്‍ട്ടം ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.