കടം കൊടുത്ത കാശ് തിരികെ ചോദിച്ചതിന് യുവാവിന്‍റെ കൈ തല്ലിയൊടിച്ചു. അക്രമികളായ മൂവര്‍ സംഘത്തെ കൊല്ലം കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു
കൊല്ലം: കടം കൊടുത്ത കാശ് തിരികെ ചോദിച്ചതിന് യുവാവിന്‍റെ കൈ തല്ലിയൊടിച്ചു. അക്രമികളായ മൂവര്‍ സംഘത്തെ കൊല്ലം കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി അനീഷാണ് ആക്രമണത്തിന് ഇരയായത്. കോട്ടപ്പുറം സ്വദേശി ജയ്സണ് അനീഷ് രണ്ട് മാസം മുമ്പ് മൂവായിരം രൂപ കടം കൊടുത്തിരുന്നു.
ഈ പണം തിരികെ ചോദിക്കാന്‍ എത്തിയപ്പോഴാണ് ജയ്സണും സുഹൃത്തുക്കളായ ഷിബുവും ,ഷാരോണും ചേര്‍ന്ന് അനീഷിന്‍റെ കൈ തല്ലിയൊടിച്ചത്. കമ്പും കല്ലും കമ്പിവടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. പരുക്കേറ്റ അനീഷിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തു, വീട്ടിലേക്ക് വരണമെന്ന് ആവശ്യം: അധ്യാപകൻ അറസ്റ്റിൽ
ചെന്നൈ: വിദ്യാർത്ഥിനിയെ ഫോൺ വിളിച്ച് ശല്യം ചെയ്തതിന് തമിഴ്നാട്ടിൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ. തിരുവള്ളൂർ ജില്ലയിലെ ഉലകനാഥൻ നാരായണ സ്വാമി സർക്കാർ ആർട്സ് കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസർ മഹേന്ദ്രനാണ് വിദ്യാർത്ഥിനിയുടെ പരാതിയിൽ പിടിയിലായത്.
ചെന്നൈ അമ്പത്തൂർ സ്വദേശിയായ അധ്യാപകനാണ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തത്. വിദ്യാർത്ഥിനിയോട് ഇയാൾ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ശല്യം സഹിക്കാതെയായപ്പോൾ പെൺകുട്ടി ഫോണിൽ ഇയാളുടെ കോൾ റെക്കോഡ് ചെയ്തു.
വിവരം പുറത്തായതോടെ മഹേന്ദ്രനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഒന്നടങ്കം മീഞ്ചൂർ പൊന്നേരി ബൈപാസ് റോഡ് ഉപരോധിച്ചു. മൂവായിരത്തിലധികം വിദ്യാർത്ഥികൾ റോഡിൽ കുത്തിയിരുന്നു. തുടർന്ന് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡി.ശേഖറിന്‍റെ പരാതിയിൽ പൊന്നേരി വനിതാ പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ പൊലീസ് സംഘം മഹേന്ദ്രനെ അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്. അധ്യാപകനെതിരെ നേരത്തേയും സമാന പരാതികൾ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പക്ഷേ കോളേജ് അധികൃതർ നടപടിയെടുത്തില്ലെന്നാണ് ആരോപണം. മഹേന്ദ്രൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥിനികളിൽ നിന്നും മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
