പള്ളിയിൽ തലാക്ക് എഴുതി നൽകിയിട്ടുണ്ടെന്ന പേരിൽ 12 ദിവസം മുമ്പാണ് ജുവൈരിയയെ ഭർത്താവ് സമീറിന്‍റെ വീട്ടിൽ നിന്നും ഇറക്കി വിടുന്നത്.

കോഴിക്കോട്: തലാക്ക് ചൊല്ലി ബന്ധം വേർപെടുത്തിയതിനെതിരെ ഭർത്താവിന്‍റെ വീടിന് മുന്നിൽ സമരം ചെയ്ത് യുവതി. കോഴിക്കോട് നാദാപുരം സ്വദേശിയായ ഫാത്തിമ ജുവൈരിയ രണ്ട് കുട്ടികളുമായി ഭർത്താവിന്‍റെ വീടിന് മുന്നിൽ ചൊവ്വാഴ്ച മുതല്‍ സമരമിരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയതിനാൽ ജുവൈരിയയെ വീട്ടിൽ പ്രവേശിപ്പിക്കാനാവില്ലെന്ന നിലപാടിലാണ് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍. 

മക്കളായ അഞ്ച് വയസുകാരി മെഹ്റിനെയും 2 വയസുകാരൻ മുഹമ്മദിനെയും കൂട്ടി ഭർത്താവിന്‍റെ വീടിന് മുന്നിൽ നീതി കാത്തിരിക്കുകയാണ് ജുവൈരിയ. പള്ളിയിൽ തലാക്ക് എഴുതി നൽകിയിട്ടുണ്ടെന്ന പേരിൽ 12 ദിവസം മുമ്പാണ് ജുവൈരിയയെ ഭർത്താവ് സമീറിന്‍റെ വീട്ടിൽ നിന്നും ഇറക്കി വിടുന്നത്. ഗൾഫിൽ ജോലി ചെയ്യുന്ന സമീർ 22 ദിവസം മുമ്പ് നാട്ടിലെത്തിയിരുന്നെങ്കിലും ജുവൈരിയയും കുട്ടികളുമായി ബന്ധപ്പെടുകയോ വീട്ടിൽ വരികയോ ചെയ്തിരുന്നില്ല.

അയൽക്കാരിയായ മറ്റൊരു സ്ത്രീയെ ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹം ചെയ്ത സമീർ ഇപ്പോൾ എവിടെയുണ്ടെന്നും ജുവൈരിയക്കറിയില്ല. വിവാഹസമയത്ത് വീട്ടുകാർ നൽകിയ 40 പവൻ സ്വർണം സമീറും വീട്ടുകാരും നേരത്തെ തട്ടിയെടുത്തു. ഗാർഹികപീഡനം കാണിച്ച് അന്ന് ജുവൈരിയ വളയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. നീതി കിട്ടും വരെ സമരം തുടരാനാണ് ജുവൈരിയയുടെ തീരുമാനം.