പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. കോഴിക്കോട് കൊളത്തറ സ്വദേശി മുഹമ്മദ് അഫ്‌റോസി(23) നെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 14 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയോട് ഇയാള്‍ പ്രണയം നടിച്ച് അടുപ്പത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയ ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് തന്‍റെ സുഹൃത്തിന്റെ വീട്ടില്‍ എത്തിക്കുകയും ഇവിടെ വച്ച് പീഡിപ്പിക്കുകയും ചെയ്തു.

പിന്നീട് ഈ കാര്യം പുറത്ത് പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച ഫറോക്ക് പൊലീസ് സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഫ്‌റോസ് രാമനാട്ടുകരയിര്‍ എത്തിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു. ഫറോക്ക് സബ്ബ് ഇന്‍സ്‌പെക്ടര്‍ സാജിനി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സനീഷ്, സനൂപ്, സുകേഷ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ ഇവിടെ വെച്ച് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ അഫ്‌റോസിനെ റിമാന്‍റ് ചെയ്തു.



