മര്‍ദ്ദനത്തിനു പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ പ്രവേശിപ്പിച്ച പ്രസാദിനെ ഒരാഴ്ചയ്ക്കകം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. നെയ്യാറ്റിന്‍കര തൃപ്പലവൂര്‍ സ്വദേശി പ്രസാദിന്‍റെ മരണത്തിനു പിന്നാലെ അയല്‍വാസികള്‍ക്കു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം 12 നാണ് തൃപ്പലവൂര്‍ സ്വദേശി പ്രസാദ് എന്ന് വിളിക്കുന്ന സന്തോഷിന് മര്‍ദനമേറ്റത്. വഴിത്തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദനമെന്ന് അയല്‍വാസികള്‍ പറയുന്നു. അയല്‍വാസിയായ ഷിബുവാണ് പ്രസാദിനെ മര്‍ദിച്ചത്.

മര്‍ദ്ദനത്തിനു പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ പ്രവേശിപ്പിച്ച പ്രസാദിനെ ഒരാഴ്ചയ്ക്കകം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ വീട്ടില്‍ എത്തിയ ശേഷവും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. പ്രസാദിനെ മര്‍ദിച്ച അയല്‍വാസി ഷിബുവിനും ഇയാളുടെ പിതാവ് ബ്രൈറ്റ് ജോണിനും വേണ്ടി അന്വേഷണം തുടരുകയാണെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു.