Asianet News MalayalamAsianet News Malayalam

MG University| ഗവേഷകയുടെ ജാതി വിവേചന പരാതി, ഇടപെട്ട് യുവജന കമ്മീഷൻ, അടിയന്തര റിപ്പോർട്ട് തേടി

സർവകലാശാല ഉൾപ്പെടെയുള്ള അധികാരികളിൽ നിന്ന് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. 

youth commission seeks report in mg university research scholars allegation
Author
Thiruvananthapuram, First Published Nov 6, 2021, 5:52 PM IST

തിരുവനന്തപുരം: എംജി സർവ്വകലാശാലയിൽ (mg university) വെച്ച് ജാതി വിവേചനം നേരിടേണ്ടി വന്നെന്ന ദളിത് ഗവേഷക ദീപ പി മോഹന്റെ  (Deepa P mohanan) ആരോപണങ്ങളിൽ ഇടപ്പെട്ട് സംസ്ഥാന യുവജന കമ്മീഷൻ (youth commission). സർവകലാശാല ഉൾപ്പെടെയുള്ള അധികാരികളിൽ നിന്ന് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്‍റെ നേതൃത്വത്തിൽ സർവകലാശാല അധികൃതർ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരിൽ വിവേചനമുണ്ടായെന്നുമായിരുന്നു ദളിത് വിദ്യാർത്ഥി ദീപയുടെ പരാതി.

'മന്ത്രിയുടെ ഉറപ്പല്ല, നടപടിയാണ് വേണ്ടത്'; നടപടി എടുക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ​ദീപ

പിഎച്ച്ഡി പ്രവേശനം നൽകാതിരിക്കാൻ പോലും സർവകലാശാലയിലെ ചിലർ ഇടപെട്ട് പരമാവധി ശ്രമിച്ചു. പക്ഷേ ഗേറ്റ് യോഗ്യതയുണ്ടായിരുന്നതിനാൽ ദീപയുടെ പ്രവേശനം തടയാൻ കഴിഞ്ഞില്ല. 2012 ൽ പൂർത്തിയാക്കിയ എംഫിലിന്‍റെ സർട്ടിഫിക്കറ്റ് പല കാരണങ്ങൾ നിരത്തി താമസിപ്പിച്ചു. ഒടുവിൽ 2015 ലാണ് ദീപയ്ക്ക് സർട്ടിഫിക്കറ്റ് കിട്ടിയത്. സ്വന്തമായി ദീപ തയ്യാറാക്കിയ ഡാറ്റാ മോഷ്ടിച്ചതാണെന്ന് ആരോപിച്ചും പീഡിപ്പിച്ചു. പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബിൽ പൂട്ടിയിട്ടും ലാബിൽ നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാരം ചെയ്തുവെന്നും ദീപ പരാതി ഉന്നയിച്ചിരുന്നു. നീതി ലഭിക്കാഞ്ഞതോടെയാണ് ദീപ നിരാഹാര സമരത്തിനിറങ്ങിയത്. 

ദീപക്ക് പിന്തുണയേറിയതോടെ  സർവകലാശാലയിലെ ആരോപണവിധേയനായ അധ്യപകനെ മാറ്റി. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വകുപ്പ്  മേധാവി നന്ദകുമാർ കളരിക്കലിനെയാണ് മാറ്റിയത്. ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. വിദേശത്തായതിനാലാണ് നന്ദകുമാറിനെ മാറ്റിയതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. 

അതേ സമയം നന്ദകുമാർ കളരിക്കലിനെതിരെയുള്ള സർവകലാശാലയുടെ നടപടി കണ്ണിൽ പൊടിയിടാനുള്ളത് മാത്രമാണെന്നും സമരത്തിൽ ഉറച്ചുനിൽക്കുമെന്ന് ഗവേഷക പ്രതികരിച്ചു. നന്ദകുമാറിനെ വകുപ്പിൽ നിന്നും പിരിച്ചു വിടണമെന്നാണ് തന്റെ ആവശ്യം. സർവകലാശാല വൈസ് ചാൻസിലർ സാബു തോമസിനെ സ്ഥാനത്ത് നിന്നും മാറ്റണം. ഇക്കാര്യത്തിൽ സർക്കാർ നേരിട്ട് ഇടപെടണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. 

 

Follow Us:
Download App:
  • android
  • ios