ഇടുക്കിയിൽ കർഷക ആത്മഹത്യകൾ തുടർക്കഥയാവുമ്പോഴും പ്രതികരിക്കാത്തവരുടെ കർഷകസ്നേഹം പൊള്ളയാണെന്നും ജോയ്സ് ജോർജ് എംപിയെ പോലുള്ള കയ്യേറ്റക്കാരെ സംരക്ഷിക്കലാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ജോലിയെന്നും യൂത്ത് കോൺഗ്രസ്
ഇടുക്കി: ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ്. ഇടുക്കിയിൽ കർഷക ആത്മഹത്യകൾ തുടർക്കഥയാവുമ്പോഴും പ്രതികരിക്കാത്ത സമിതിയുടെ കർഷക സ്നേഹം പൊള്ളയാണെന്നും, ജോയ്സ് ജോർജ് എംപിയെ പോലുള്ള കയ്യേറ്റക്കാരെ സംരക്ഷിക്കലാണ് ഇവരുടെ ജോലിയെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.
കസ്തൂരിരംഗൻ വിഷയവും പട്ടയപ്രശ്നങ്ങളും ഉയർത്തി ഹൈറേഞ്ച് സംരക്ഷണസമിതി നടത്തിയ സമരപരമ്പരകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ രാഷ്ട്രീയചിത്രം മാറ്റിമറിച്ചത്. സമിതി ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരമാവാതെ വന്നതോടെ ഉറച്ച കോട്ടയിൽ യുഡിഎഫിന് അടിതെറ്റി.
ഹൈറേഞ്ച് സംരക്ഷണസമിതിയുടെ അഭിഭാഷകൻ ജോയ്സ് ജോർജിനെ തന്നെ സ്ഥാനാർത്ഥിയാക്കിയ എൽഡിഎഫ് നേട്ടമുണ്ടാക്കുകയും ചെയ്തു. അഞ്ച് വർഷത്തിനിപ്പുറം കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ പഴയ കണക്ക് തീർക്കുകയാണ് യൂത്ത് കോൺഗ്രസ്.
ജില്ലയിലെ കാർഷിക പ്രശ്നങ്ങളിൽ സർക്കാരിനും എംപിക്കുമൊപ്പം ഹൈറേഞ്ച് സംരക്ഷണസമിതിയെക്കൂടി പ്രതിസ്ഥാനത്ത് നിർത്തിയുള്ള പ്രചാരണങ്ങളാണ് യുഡിഎഫും യൂത്ത് കോൺഗ്രസും ലക്ഷ്യമിടുന്നത്.
