Asianet News MalayalamAsianet News Malayalam

സുധാകരനെ 'പട്ടിയുടെ വാലിനോട് ഉപമിച്ചു'; എം വി ജയരാജനെതിരെ പൊലീസിൽ പരാതി, നായ പ്രയോഗത്തിൽ ഏറ്റുമുട്ടൽ തുടരുന്നു

പന്തീരാണ്ട് കാലം സുധാകരനെ കുഴലിലിട്ടാലും നേരെയാകില്ലെന്നായിരുന്നു എം വി ജയരാജന്‍റെ പ്രസ്താവന

youth congress complaint against mv jayarajan
Author
Kannur, First Published May 19, 2022, 10:03 PM IST

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരായ കെ പി സി സി അധ്യക്ഷന്‍റെ 'നായ' പ്രയോഗവുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കെ അതേ നിലയിൽ തിരിച്ചടി നൽകാൻ യൂത്ത് കോൺഗ്രസ്. വിവാദത്തിനിടയിലെ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പരാമർശം ആയുധമാക്കുകയാണ് യൂത്ത് കോൺഗ്രസ്. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനതിരെ  യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി. കെ സുധാകരനെ പട്ടിയുടെ വാലിനോട് ഉപമിച്ചുവെന്നാണ് പരാതി. ജയരാജന്‍റെ പ്രസ്താവന കലാപമുണ്ടാകണമെന്ന ദുഷ്ടലാക്കോടെയെന്നും യൂത്ത് കോൺഗ്രസ് പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരായ 'ചങ്ങല പൊട്ടിച്ച നായ' പരാമർശത്തിനോട് പ്രതികരിക്കവെയുള്ള ജയരാജന്‍റെ പ്രയോഗമാണ് യൂത്ത് കോൺഗ്രസ് പരാതിയിൽ ചൂണ്ടികാട്ടുന്നത്. പന്തീരാണ്ട് കാലം സുധാകരനെ കുഴലിലിട്ടാലും നേരെയാകില്ലെന്നായിരുന്നു എം വി ജയരാജന്‍റെ പ്രസ്താവന.

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; പന്തീരാണ്ട് കാലം സുധാകരനെ കുഴലിലിട്ടാലും നേരെയാകില്ലെന്ന് എം വി ജയരാജൻ

അതേസമയം മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും  രമേശ് ചെന്നിത്തലയുമടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. കെ പി സി സി പ്രസിഡന്‍റിന്‍റെ പരാമർശം തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധം ആക്കാനുള്ള സി പി എം ശ്രമം വിജയിക്കില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. ഇപ്പോൾ വിമർശിക്കുന്നവർ ആളുകളെ ഏതൊക്ക ഭാഷയിൽ ആണ് സംസാരിച്ചിട്ടുള്ളതെന്ന് എല്ലാവർക്കും അറിയാമെന്നും ചെന്നിത്തല ചൂണ്ടികാട്ടി. അധികാരം ഉപയോഗിച്ച് അടിച്ചമർത്താമെന്ന തെറ്റായ ധാരണ ആർക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവ‍ർ തൃക്കാക്കരയിൽ താമസിച്ച് അധികാര ദുർവിനിയോഗം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഭരണം ഉപയോഗിച്ച് ഇല്ലാത്ത വാഗ്ദാനം നൽകുകയാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതടക്കമുള്ള സംഭവങ്ങൾ നടക്കുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ലംഘനം ആണ് തൃക്കാക്കരയിൽ നടക്കുന്നതെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ശ്രദ്ധയിൽ പെടുത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

'കേസ് കോടതിവരാന്തയിൽ പോലും നില്ക്കില്ല'; കെ സുധാകരനെതിരായ കേസ് അവജ്ഞയോടെ തള്ളുന്നെന്ന് വി ഡി സതീശൻ

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ് എടുത്തതിനെ അർഹിക്കുന്ന അവജ്ഞയോടെ യു ഡി എഫ് തള്ളിക്കളയുന്നു എന്നായിരുന്നു സതീശൻ പ്രതികരിച്ചത്. മറ്റെല്ലാം പരാജയപ്പെട്ടപ്പോൾ ഉണ്ടാക്കിയെടുത്ത കേസാണ്. സുധാകരൻ പ്രസ്താവന പിൻവലിച്ചിട്ടും കേസ് എടുത്തു. നികൃഷ്ട ജീവി എന്നും പരനാറി എന്നും കുലംകുത്തി എന്നും വിശേഷിപ്പിച്ച പിണറായി വിജയന് എതിരെ എവിടെയെങ്കിലും കേസ് എടുത്തോ എന്നും വി ഡി സതീശൻ ചോദിച്ചു. സുധാകരനെതിരെ കേസ് എടുത്തതിൽ പ്രതിഷേധിക്കുന്നു. കേസ് കോടതിയുടെ വരാന്തയിൽ പോലും നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ മോശം പദപ്രയോഗങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് തയ്യാറാണ്. എം എം മണിയുടേയും പിണറായിയുടെയും വാക്കുകളിൽ തുടങ്ങാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

'കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം പ്രതീക്ഷിക്കുന്നില്ല'; കെ സുധാകരനെതിരെ സി പി എം

അതേസമയം മുഖ്യമന്ത്രിക്കെതിരായ സുധാകരന്‍റെ വിവാദ പരമാര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സി പി എം നേതാക്കള്‍ ഉന്നയിക്കുന്നത്. തൃക്കാക്കരയിലെ പരാജയ പരാജയഭിതിക്കും വെപ്രാളത്തിനും ഇതാണോ പരിഹാരമെന്നാണ് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജന്‍ ചോദിച്ചത്. തെരഞ്ഞെടുപ്പിൽ സംഘർഷമുണ്ടാക്കി ജയിക്കാമെന്നാണോ കോൺഗ്രസ് കരുതന്നത് ? മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിന് അതിരുണ്ട്, എന്തും ആരെയും പറയാം എന്ന നിലയാണോ? എന്തും പറയാനുള്ള ലൈസൻസ് ആണോ ചിന്തൻ ശിബിരം നൽകിയത്? ഇതിൽ എ ഐ സി സി എന്ത് നിലപാട് സ്വീകരിക്കും, ആര് നിയമം ലംഘിച്ചാലും നടപടി എടുക്കേണ്ടവർക്ക് നേരെ അത് എടുക്കും - ഇതായിരുന്നു ഇ പിയുടെ വാക്കുകൾ.

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; കെ സുധാകരന്‍റെ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് കമ്മീഷണർ

Follow Us:
Download App:
  • android
  • ios