Asianet News MalayalamAsianet News Malayalam

K Sudhakaran : മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; കെ സുധാകരന്‍റെ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് കമ്മീഷണർ

അന്വേഷണം തുടങ്ങിയതായും പ്രസംഗത്തിന്‍റെ വീഡിയോ ശേഖരിച്ച് പരിശോധിക്കുകയാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

kochi city police commissioner about case against k sudhakaran
Author
Kochi, First Published May 19, 2022, 12:57 PM IST

കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ (K Sudhakaran) അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. അന്വേഷണം തുടങ്ങിയതായും പ്രസംഗത്തിന്‍റെ വീഡിയോ ശേഖരിച്ച് പരിശോധിക്കുകയാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, കോടതി വരാന്തയിൽ പോലും നി‌ൽക്കാത്ത കേസെന്ന് പറഞ്ഞ് പൊലീസ് നടപടിയെ പ്രതിപക്ഷ നേതാവ് വിമർശിച്ചു. കെ സുധാകരൻ അതിരുവിടുന്നുവെന്നായിരുന്നു സിപിഎം പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ സുധാകരന്‍റെ പരമാർശം എൽഡിഎഫ് തൃക്കാക്കരയിലും സംസ്ഥാനത്താകെയും വലിയ പ്രചാരണ വിഷയമാക്കിയിരുന്നു. മന്ത്രിമാരും സിപിഎം നേതാക്കളും കടുത്ത വിമര്‍ശനമാണ് സുധാകരനെതിരെ ഉന്നയിച്ചത്. സംഭവത്തില്‍ പരാതി കൊടുക്കണോ വേണ്ടെയോ എന്ന ആശയക്കുഴപ്പം ആദ്യം ഇടത് കേന്ദ്രങ്ങളിലുണ്ടായിരുന്നു. പിന്നീട് പരാതി നൽകാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകൻ നൽകിയ പരാതിയിലാണ് പാലാരിവട്ടം പൊലീസ്  കേസെടുത്തത്. വ്യക്തിപരമായി അപമാനിച്ച് സംസാരിക്കുക, വിദ്വേഷമുണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റം ചുമത്തിയാണ് 153 പ്രകാരമുള്ള് കേസെടുത്തത്. ജാമ്യം കിട്ടാവുന്ന വകുപ്പാണ് ഇത്. കേസെടുത്തത് സർക്കാറിനെതിരെ ആയുധമാക്കുകയാണ് യുഡിഎഫ്. കോടതി വരാന്തയിൽ പോലും നി‌ൽക്കാത്ത കേസെന്ന് പറഞ്ഞ് പൊലീസ് നടപടിയെ പ്രതിപക്ഷ നേതാവ് വിമർശിച്ചു.

സുധാകരനെതിരെ കേസ് എടുത്തതിനെ അർഹിക്കുന്ന അവജ്ഞയോടെ യുഡിഎഫ് തള്ളിക്കളയുന്നെന്ന് വി ഡി സതീശൻ പറഞ്ഞു. മറ്റെല്ലാം പരാജയപ്പെട്ടപ്പോൾ ഉണ്ടാക്കിയെടുത്ത കേസാണിത്. സുധാകരൻ പ്രസ്താവന പിൻവലിച്ചിട്ടും കേസെടുത്തു. നികൃഷ്ട ജീവി എന്നും പരനാറി എന്നും കുലംകുത്തി എന്നും വിശേഷിപ്പിച്ച പിണറായി വിജയന് എതിരെ എവിടെയെങ്കിലും കേസ് എടുത്തോ എന്നും വി ഡി സതീശൻ ചോദിച്ചു. സുധാകരനെതിരായ കേസ് കോടതിയുടെ വരാന്തയിൽ പോലും നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

Also Read:  'കേസ് കോടതിവരാന്തയിൽ പോലും നില്ക്കില്ല'; കെ സുധാകരനെതിരായ കേസ് അവജ്ഞയോടെ തള്ളുന്നെന്ന് വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശം. ഇത് വിവാദമായതോടെ വിശദീകരണവുമായി സുധാകരൻ തന്നെ രംഗത്തെത്തിയിരുന്നു. ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണ് എന്നത് ഞാന്‍ എന്നെക്കുറിച്ചും പറയാറുണ്ടെന്നും അത് യാത്രയെക്കുറിച്ചാണ് പറയുന്നതെന്നുമാണ് സുധാകരന്റെ വിദശീകരണം. മലബാറില്‍ സാധാരണയായി പറയുന്ന ഉപമ മാത്രമാണിതെന്നും സുധാകരന്‍ വിശദീകരിക്കുന്നു. 

Also Read: മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല; അങ്ങനെ തോന്നിയെങ്കിൽ ആ പരാമർശം പിൻവലിക്കുന്നെന്നും കെ സുധാകരൻ 

Also Read : 'സമനില നഷ്‌ടപ്പെട്ട കെപിസിസി പ്രസിഡന്റിന്‍റെ യഥാര്‍ത്ഥ സംസ്കാരം'; കെ സുധാകരനെതിരെ സിപിഎം

Latest Videos
Follow Us:
Download App:
  • android
  • ios