ഘടകകക്ഷികൾ സ്ഥിരമായി തോൽക്കുന്ന മണ്ഡലങ്ങൾ ഏറ്റെടുക്കണമെന്നും യൂത്ത് കോൺഗ്രസ് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സീറ്റ് നിർണയത്തിൽ നിലപാട് കടുപ്പിച്ച് യൂത്ത് കോൺഗ്രസ്. നിലവിലെ കമ്മിറ്റിയിലേയും കഴിഞ്ഞ കമ്മിറ്റിയിലേതുമായി 17 പേർക്കെങ്കിലും സീറ്റ് നൽകണമെന്നാണ് ആവശ്യം. ഘടകകക്ഷികൾ സ്ഥിരമായി തോൽക്കുന്ന മണ്ഡലങ്ങൾ ഏറ്റെടുക്കണമെന്നും യൂത്ത് കോൺഗ്രസ് പാർട്ടി നേതൃത്വത്തെ അറിയിച്ചു.
എല്ലാ തെരഞ്ഞെടുപ്പുകളിലും യുവപ്രാതിനിധ്യം ആവശ്യപ്പെട്ട് കോൺഗ്രസിൽ ഉയരുന്നതാണ് യൂത്ത് കോൺഗ്രസ് ശബ്ദം. എന്നാൽ വേണ്ടത്ര പരിഗണന കിട്ടാറില്ല. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ അന്നത്തെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സിആർ മഹേഷ്, കെഎസ്‍യു പ്രസിഡന്റ് ആയിരുന്ന വിഎസ് ജോയി, എന്നിവരടക്കം എട്ട് പേർക്ക് മാത്രമാണ് സീറ്റ് നൽകിയത്. ആരും നിയമസഭയിലെത്തിയില്ല.
മുൻകാല ചരിത്രം ഇത്തവണ ആവർത്തിക്കരുതെന്നാണ് യൂത്ത് കോൺഗ്രസിലെ പൊതുവികാരം. സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിലിനും വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനും പുറമെ സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി, എൻഎസ് നുസൂർ, എസ് എം ബാലു, അഖിലേന്ത്യ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, നാല് ജില്ലാ പ്രസിഡന്റ്മാർ എന്നിവർക്ക് ജയസാധ്യയുള്ള സീറ്റ് ഉറപ്പിക്കാനാണ് തീരുമാനം.
മുൻ സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂരിനെ നാട്ടികയിലും, മുൻ മാവേലിക്കര പാർലെമെന്റ് പ്രസിഡന്റ് സജി ജോസഫിനെ കുട്ടനാട്ടിലും ഇറക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. സ്ഥിരമായി ഘടകകക്ഷി തോൽക്കുന്ന കുട്ടനാട് അടക്കമുള്ള സീറ്റുകൾ തിരിച്ചെടുത്ത് യുവാക്കളെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
