തൃപ്പൂണിത്തറ: ട്രാൻസ്ജെൻഡര്‍ സജ്ന ഷാജിയുടെ ബിരിയാണി കച്ചവടത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്. തൃപ്പൂണിത്തുറയിൽ സജ്നയ്ക്കായി സംഘടിപ്പിച്ച ബിരിയാണി ഫെസ്റ്റിൽ രണ്ടായിരത്തിലധികം ബിരിയാണികളാണ് വിറ്റുപോയത്.

വഴിയരികിൽ ബിരിയാണി വിറ്റിരുന്ന സജ്നയുടെ കച്ചവടം തടസപ്പെടുത്താൻ ചിലര്‍ ശ്രമിച്ചക്കുന്നതായി സജ്ന തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചതോടെയാണ് യൂത്ത് കോൺഗ്രസ് ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചത്. 2000 പേര്‍ക്കുള്ള ഭക്ഷണം കാക്കനാടുള്ള അടുക്കളയില്‍ സജ്നയും സുഹൃത്തുക്കളും ചേര്‍ന്ന് തയ്യാറാക്കി. വി.ഡി സതീശൻ എം.എൽ.എ ബിരിയാനി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

വിവിധയിടങ്ങളിൽ നിന്നും സജ്നക്ക് പിന്തുണ ഏറുകയാണ്. നേരത്തെ ദിവസവും 200 ബിരിയാണി വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ 500 ഓളം ബിരിയാണികളാണ് വിൽക്കുന്നത്. തെരുവിലെ ബിരിയാണി വിൽപ്പനയില്‍ നിന്നും ഹോട്ടൽ തുടങ്ങാനുള്ള ഒരുക്കത്തിലാണ് സജ്ന. ഇതിന് നടൻ ജയസൂര്യ അടക്കമുള്ള പ്രമുഖരുടെ പിന്തുണയുമുണ്ട്.