Asianet News MalayalamAsianet News Malayalam

'പമ്പ് കൊളുത്തികള്‍ ആകരുത് ഡിവൈഎഫ്ഐ'; പരിഹാസവും വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ധന വിലവർധനവിനെതിരെ ഡിവൈഎഫ്ഐ നടത്തുന്ന സമരത്തിന്റെ ചില രീതികളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. 

Youth congress leader rahul mankootathil about dyfi protest in petrol pump
Author
Kerala, First Published Jun 11, 2021, 5:20 PM IST

തിരുവനന്തപുരം: ഇന്ധന വിലവർധനവിനെതിരെ ഡിവൈഎഫ്ഐ നടത്തുന്ന സമരത്തിന്റെ ചില രീതികളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. പെട്രോൾ പമ്പിന് മുമ്പിൽ ഡിവൈഎഫ്ഐ കോലം കത്തിച്ച് സമരം നടത്തിയെന്ന വാർത്തകളെ അടിസ്ഥാനമാക്കിയാണ് രാഹുലിന്റെ പരിഹാസവും വിമർശനവും. 

ഇത്തരമൊരു വാർത്ത ആദ്യം വിശ്വസിച്ചില്ലെന്നും അത്രയും ബുദ്ധിശൂന്യമായി ആരും പെരുമാറില്ലാലോ എന്നും പറഞ്ഞ് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിൽ പ്രവർത്തകരെ ഉപദേശിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി റഹീമിനെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട് രാഹുൽ.

പമ്പില്‍ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാന്‍ പോലും പാടില്ലായെന്നും, അത് വലിയ അപകടമാണെന്നും പറഞ്ഞ് മനസിലാക്കണം. ഒരു നാട്ടില്‍ അഗ്‌നി ദുരന്തമുണ്ടാകുവാന്‍ അത് മതി. പിന്നെ ഇന്ധന വിലയ്‌ക്കെതിരെ സമരം ചെയ്യുമ്പോള്‍, പിണറായി വിജയനോട് പറയണം ഒരു 96 രൂപ വിലയുള്ള ലിറ്റര്‍ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാല്‍ പോലും 72 രൂപയ്ക്ക് പെട്രോള്‍ കിട്ടുമെന്ന്. അതിനു ശേഷം ഞങ്ങള്‍ നടത്തുന്ന ഇന്ധന വിലയിലെ കേന്ദ്ര സര്‍ക്കാരിന്റെ നികുതി ഭീകരതയ്‌ക്കെതിരായ സമരത്തില്‍ പങ്കാളിയാവുക....അല്ലാതെ പമ്പ് കൊളുത്തികള്‍ ആകരുത് ഡിവൈഎഫ്ഐ എന്നും രാഹുലിന്റെ കുറിപ്പിൽ പറയുന്നു.

കുറിപ്പിങ്ങനെ...

പ്രിയപ്പെട്ട റഹീം,
ഇന്ധനവിലയുടെ പേരിലെ നികുതി കൊള്ളയ്ക്കെതിരെ പമ്പിന് മുന്നിൽ DYFI കോലം കത്തിച്ച് സമരം നടത്തിയെന്ന് ചില ഫേസ്ബുക്ക് സ്‌റ്റോറികൾ കണ്ടപ്പോൾ ഞാൻ ആദ്യം വിശ്വസിച്ചില്ല. കാര്യം DYFI യൊക്കെ ആണെങ്കിലും അത്രയും ബുദ്ധിശൂന്യമായി പെരുമാറില്ലല്ലോ എന്ന് കരുതി. പക്ഷേ എൻ്റെ ഭാവനകൾക്കപ്പുറമാണ് DYFI യുടെ ബോധ നിലവാരം എന്ന് തിരിച്ചറിഞ്ഞത് വാർത്തകൾ വന്നപ്പോഴാണ്. അത് നിങ്ങൾ നിഷേധിച്ചും കണ്ടില്ലാ എന്നത് കൊണ്ടാണ് വിശ്വസിച്ചത്.

 മറ്റ് സംഘടനകൾക്ക് നിരന്തരം "നിലവാര " സർട്ടിഫിക്കറ്റ് നല്കുന്ന താങ്കൾ DYFI യുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണം. താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ വെറും SFI / ബാലസംഘം നിലവാരത്തിനും താഴെയാണ് അവരുടെ നിലവാരം.

പമ്പിൽ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാൻ പോലും പാടില്ലായെന്നും, അത് വലിയ അപകടമാണെന്നും പറഞ്ഞ് മനസിലാക്കണം. ഒരു നാട്ടിൽ അഗ്നി ദുരന്തമുണ്ടാകുവാൻ അത് മതി ..
പിന്നെ ഇന്ധന വിലയ്ക്കെതിരെ സമരം ചെയ്യുമ്പോൾ, പിണറായി വിജയനോട് പറയണം ഒരു 96 രൂപ വിലയുള്ള  ലിറ്റർ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാൽ പോലും 72 രൂപയ്ക്ക് പെട്രോൾ കിട്ടുമെന്ന്. അതിനു ശേഷം ഞങ്ങൾ നടത്തുന്ന ഇന്ധന വിലയിലെ കേന്ദ്ര സർക്കാരിൻ്റെ നികുതി ഭീകരതയ്ക്കെതിരായ സമരത്തിൽ പങ്കാളിയാവുക....
അല്ലാതെ പമ്പ് കൊളുത്തികൾ ആകരുത് DYFI

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

Follow Us:
Download App:
  • android
  • ios