പൊന്നാനി സ്വദേശിനിയാണ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശനെതിരെ ഫോൺ രേഖകള്‍ ചോര്‍ത്തിയതിന് മലപ്പുറം എസ് പിക്ക് പരാതി നല്‍കിയത്.

കോഴിക്കോട്: വീട്ടമ്മയുടെ ഫോൺ ചോർത്തിയെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ സുദർശനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. നടക്കാവ് എസിപി ഓഫീസിന് ''ഫോൺ ചോർത്തല്‍ കേന്ദ്ര''മെന്ന് പുനർ നാമകരണം ചെയ്താണ് യൂത്ത് കോൺഗ്രസിന്റെ പ്രതീകാത്മക പ്രതിഷേധം. പൊലീസ് ഉദ്യോഗസ്ഥനെതിരെ പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ പൊലീസ് ഗേറ്റിന് മുന്നില്‍ തടഞ്ഞു. ഇതോടെ ബാരിക്കേഡിന് മുകളില്‍ ഫ്ലക്സ് ബോർഡ് വച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. 

പൊന്നാനി സ്വദേശിനിയാണ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശനെതിരെയാണ് 
ഫോൺ രേഖകള്‍ ചോര്‍ത്തിയതിന് മലപ്പുറം എസ് പിക്ക് പരാതി നല്‍കിയത്. തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ഫോൺ രേഖകള്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശനൻ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കിയെന്നാണ് വീട്ടമ്മയുടെ പരാതി. ഭര്‍ത്താവ് ഈ രേഖകൾ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കി അപമാനിക്കാൻ ശ്രമിച്ചെന്നും വീട്ടമ്മയുടെ പരാതിയിൽ ആരോപിക്കുന്നു. വീട്ടമ്മയുടെ ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്താണ് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍. ഈ ബന്ധം ഉപയോഗിച്ചാണ് ഭർത്താവ് ഫോൺ രേഖകൾ കൈക്കലാക്കിയത്. 

പരാതിയില്‍ അന്വേഷണം നടത്തിയ മലപ്പുറം എസ് പി കഴിഞ്ഞ ദിവസം ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. എ സി പിയുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച്ചയുണ്ടായെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും ഡിജിപിക്ക് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. കോഴിക്കോട് ചേവായൂര്‍ കൂട്ട ബലാത്സംഗ കേസിന്‍റെ അന്വേഷണത്തിന്‍റെ മറവിലാണ് തെറ്റിദ്ധരിപ്പിച്ച് എ സി പി ഫോൺ രേഖകള്‍ ചോര്‍ത്തിയതെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.