തൃശൂർ: തൃശൂരിലെ അന്തിക്കാട് മന്ത്രി വി എസ് സുനിൽകുമാറിൻ്റെ വീടിന് മുമ്പിൽ അടുപ്പ് കൂട്ടി യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം. കോൺഗ്രസിൻ്റെ സമൂഹ അടുക്കള മാത്രം പൊലീസ് നിർത്തിച്ചതാണ് പ്രതിഷേധത്തിന് കാരണം. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.  എന്നാൽ സമൂഹ അടുക്കള നടത്തിപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം ആര് ലംഘിച്ചാലും തെറ്റാണെന്നും മന്ത്രി പ്രതികരിച്ചു.

സമാന്തര സമൂഹ അടുക്കളകൾ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം വന്നിട്ടും അന്തിക്കാട് സിപിഎമ്മിൻ്റെയും സിപിഐയുടെയും അടുക്കള പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിന് മന്ത്രി വി എസ് സുനിൽ കുമാർ ഒത്താശ ചെയ്തെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. ഇതിൽ പ്രതിഷേധവുമായി കലവും അടുപ്പ് കല്ലുകളുമായി അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വീടിന് മുന്നിലെത്തി. അടുപ്പ് കൂട്ടി കഞ്ഞി വെച്ച് പ്രതിഷേധിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അതിന് മുമ്പേ പൊലീസ് തടഞ്ഞു.

പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറെ നേരത്തെ ഉന്തും തള്ളും വാക്കുതർക്കവും ഉണ്ടായി. ഒടുവിൽ പ്രവർത്തകരെ പൊക്കിയെടുത്താണ് പൊലീസ് ജീപ്പിൽ കയറ്റിയത്. മന്ത്രിയുടെ വീടിന് മുമ്പിൽ നിന്ന് അടുപ്പും കലവും എടുത്തുമാറ്റി. പ്രദേശത്ത് മറ്റ് സമൂഹ അടുക്കളകള്‍ പ്രവർത്തിക്കുന്നതായി പൊലീസിൽ നിന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ വിശദീകരണം.