Asianet News MalayalamAsianet News Malayalam

തീപിടിത്തത്തിൽ ആളിക്കത്തി പ്രതിഷേധം; സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസ് ലാത്തി വീശി

സെക്രട്ടേറിയറ്റിന് മുന്നിൽ സംഘര്‍ഷാവസ്ഥ തുടരുകയാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേ‍ഡുകൾ തള്ളിമാറ്റാൻ ശ്രമിച്ചു

youth congress protest infront of kerala secretariat
Author
Thiruvananthapuram, First Published Aug 26, 2020, 5:26 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിൽ സംസ്ഥാനവ്യാപകമായി പ്രതിപക്ഷ പ്രതിഷേധം. പലയിടത്തും ജലപീരങ്കിയും കണ്ണീർ വാതകവും ലാത്തിച്ചാര്‍ജും നടന്നു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ബിജെപി, യുവമോര്‍ച്ച, മഹിളാ കോണ്‍ഗ്രസ്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. പലയിടത്തും പ്രതിഷേധം കൈയ്യാങ്കളിയിലേക്ക് എത്തി. പൊലീസ് ലാത്തിച്ചാര്‍ജിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 

സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റാൻ ശ്രമിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ സംഘര്‍ഷാവസ്ഥ തുടരുകയാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേ‍ഡുകൾ തള്ളിമാറ്റാൻ ശ്രമിച്ചു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 

സെക്രട്ടറിയേറ്റിന് മുന്നിൽ മഹിളാ കോണ്‍ഗ്രസും എസ്ഡിപിഐയും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കണ്ണൂരിൽ ബിജെപി-യുവമോര്‍ച്ച പ്രതിഷേധം അക്രമാസക്തമായി. കണ്ണൂരിൽ കളക്ട്രേറ്റിൽ ബിജെപിയുടെ പ്രതിഷേധ മാർച്ചിന് നേരെ  പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. 

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകർ എറണാകുളം  കണയന്നൂർ താലൂക്ക് ഓഫീസിലേക്ക്  മാര്‍ച്ച് നടത്തി. കോഴിക്കോട്ടും,കാസർകോടും,ആലപ്പുഴയിലും. കൽപറ്റയിലും ബിജെപിയും പ്രതിഷേധം സംഘടിപ്പിച്ചു. 

സെക്രട്ടറിയേറ്റിൽ തീ പിടിച്ച്  ഫയലുകൾ കത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. കൊല്ലം കളക്ട്രേറ്റിലേക്ക് ആർവൈഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. തള്ളിക്കയറാൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. കാസർകോട് ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു. കൽപ്പറ്റ നഗരത്തിലും ബിജെപി പ്രവർത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

Follow Us:
Download App:
  • android
  • ios