Asianet News MalayalamAsianet News Malayalam

'കേരളത്തിൽ കലാപത്തിന് കോൺഗ്രസിൻ്റെ ആസൂത്രിത നീക്കം; സതീശൻ മുഖ്യ ആസൂത്രകൻ'; അക്രമമെങ്കിൽ നടപടിയെന്ന് മന്ത്രിമാർ

സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസിന്‍റെ അഴിഞ്ഞാട്ടമാണ് നടന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

Youth Congress Secretariat march big clashe ministers reaction asd
Author
First Published Dec 20, 2023, 4:07 PM IST

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രിമാർ രംഗത്ത്. സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസിന്‍റെ അഴിഞ്ഞാട്ടമാണ് നടന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടപ്പോൾ, കേരളത്തിൽ കലാപം ഉണ്ടാക്കാൻ കോൺഗ്രസിന്‍റെ ആസൂത്രിത നീക്കമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് ഇതിന്‍റെ മുഖ്യ സൂത്രധാരനെന്നുമാണ് മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്‍റണിണി രാജുവും സംയുക്ത വാർത്താക്കുറിപ്പിൽ പറഞ്ഞത്. ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിക്കെതിരെ എതിരഭിപ്രായം ഉണ്ടായിട്ടും എൽ ഡി എഫ് പരസ്യ പ്രതിഷേധത്തിലേക്ക് പോയില്ലല്ലോ എന്ന് ചൂണ്ടികാട്ടിയ ബാലഗോപാൽ, മന്ത്രിമാരും മുഖ്യമന്ത്രിയും ജനങ്ങൾക്ക് അടുത്തേക്ക് പോക്ണ്ടെന്നാണോ പ്രതിപക്ഷം പറയുന്നതെന്നും ചോദിച്ചു.

വനിതാപ്രവർത്തകർക്ക് മർദനം; സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് യൂത്ത് കോൺ​ഗ്രസ്, രാഹുലിന് പരിക്ക്

വി ശിവൻകുട്ടിയുടെയും ആന്‍റണി രാജുവിന്‍റെയും സംയുക്ത വാർത്താക്കുറിപ്പ്

കേരളത്തിലെമ്പാടും കലാപം ഉണ്ടാക്കാൻ കോൺഗ്രസിൻ്റെ ആസൂത്രിത നീക്കമുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആണ് മുഖ്യ സൂത്രധാരൻ. യൂത്ത് കോൺഗ്രസ് സമരത്തിന്‍റെ മറവിൽ ക്രിമിനലുകളെ തെരുവുകളിൽ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ് കോൺഗ്രസ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമുതൽ നശിപ്പിച്ചതിലൂടെ പൊതുഖജനാവിന് ഉണ്ടായിരിക്കുന്നത്. നവകേരള സദസ്സിന്‍റെ വൻവിജയം കോൺഗ്രസ് നേതാക്കളുടെ സമനില തെറ്റിച്ചിരിക്കുകയാണ്. അതാണ് നവകേരള സദസ്സിന്‍റെ സമാപന ദിവസത്തോട് അനുബന്ധിച്ച്  തിരുവനന്തപുരത്ത് അക്രമം അഴിച്ചു വിടാൻ കാരണം. അക്രമ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷ നേതാവ് തന്നെ നേതൃത്വം നൽകുന്നത് കേരള ചരിത്രത്തിൽ ആദ്യ സംഭവമാണ്. പൊതുമുതൽ നശിപ്പിച്ചതിന് പ്രതിപക്ഷ നേതാവും ഉത്തരവാദിയാണ്. തിരുവനന്തപുരം നഗരത്തിലെ നവകേരള സദസ്സിന്‍റെ പ്രചാരണ ബോർഡുകളും മറ്റും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഇതിലൂടെയും വ്യാപക നഷ്ടം ഉണ്ടായിട്ടുണ്ട്. അക്രമ പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ തിരിച്ചടിയുടെ ഭവിഷ്യത്തുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് തയ്യാറാവേണ്ടി വരുമെന്നും മന്ത്രിമാർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios