പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള സുരേഷ് ബാബുവിന്റെ അപ്രതീക്ഷിത മാറ്റം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. പെരുമാറ്റ ദൂഷ്യമാണോ അതോ വിഭാഗീയതയാണോ ഇതിന് കാരണമെന്ന് വ്യക്തമല്ല. കനത്ത പരാജയമേറ്റ കണ്ണൂരിലും സമാനമായ മാറ്റമുണ്ടാകുമോ?
പാലക്കാട്: സി പി എമ്മിനെ സംബന്ധിച്ചടുത്തോളം സംസ്ഥാനത്തെ ഏറ്റവും ശക്തമായ ജില്ലാ കമ്മിറ്റികളിൽ ഒന്നാണ് പാലക്കാട്. എന്നും വിഭാഗീയത തലവേദനയായ ജില്ലയാണെങ്കിലും തെരഞ്ഞെടുപ്പുകളിൽ സി പി എമ്മിന് ഏത് കൊടുങ്കാറ്റിലും ആശ്വാസമാണ് പാലക്കാട്. സംസ്ഥാനത്താകെ ആഞ്ഞടിച്ച ഇത്തവണത്തെ ഇടത് വിരുദ്ധ കൊടുങ്കാറ്റിലും പിടിച്ച് നിന്ന ചെങ്കോട്ടയാണ് ജില്ല. ഏഴ് സീറ്റുകളിൽ പാലക്കാട് കോട്ടയിൽ എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചു. ഇപ്പോൾ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിലും മികച്ച വിജയം. പെർഫോമിംഗ് ജില്ലാ സെക്രട്ടറിയായി നിൽക്കുമ്പോളാണ് വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ സുരേഷ് ബാബുവിന് സ്ഥാന നഷ്ടമുണ്ടായത്. ഇതാണ് പൊതു സമൂഹത്തിലും നിരവധി ചോദ്യങ്ങൾ ഉയരാൻ കാരണം. പെരുമാറ്റ ദൂഷ്യമടക്കമുള്ള ആരോപണങ്ങൾ പാർട്ടി നേതൃത്വം തള്ളുകയാണെങ്കിലും കേരളത്തിൽ അതും ചോദ്യമായി നിലനിൽക്കുകയാണ്.
മാറ്റത്തിന് കാരണമെന്ത്?
സെക്രട്ടറിമാർ അധികം വാഴാത്ത ജില്ലയാണ് സി പി എമ്മിനെ സംബന്ധിച്ചടുത്തോളം പാലക്കാട്. ഒൻപത് വർഷം അതായത് മൂന്ന് ടേം ജില്ലാ സെക്രട്ടറിയായി തുടരാമെന്നിരിക്കെ എന്ത് കൊണ്ടാണ് സുരേഷ് ബാബുവിനെ അസാധാരണമായി, അപ്രതീക്ഷിതമായി സി പി എം മാറ്റി. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ പല ജില്ലകളിലും പാർട്ടി കനലൊരുതരി പോലും ഇല്ലാതെ അടപടലം തോറ്റപ്പോഴും അവിടെ ഒന്നും വിശാല ജില്ലാ യോഗത്തിൽ സെക്രട്ടറിയെ മാറ്റിയിട്ടില്ല. ശക്തികേന്ദ്രങ്ങളായ ആലപ്പുഴയിൽ പോലും തോൽവിയുടെ പേരിൽ സെക്രട്ടറിക്ക് സ്ഥാന ചലനം ഉണ്ടായില്ല. വിഭാഗീയത പിടിച്ചുനിർത്താൻ കഴിയാത്തതും എതിരാളികൾ ഒരുമിച്ചതുമാണോ സെക്രട്ടറി സ്ഥാനം തെറിപ്പിച്ചത്. എൻ എൻ കൃഷ്ണദാസ്, എം ബി രാജേഷ് തുടങ്ങിയ നേതാക്കൾക്ക് പോലും അനഭിമതനാണ് സുരേഷ് ബാബു എന്ന പ്രചാരണം ശക്തമാണ്. സുരേഷ് ബാബുവിന്‍റെ പടിയിറക്കത്തിൽ പെരുമാറ്റ ദൂഷ്യമാണ് കാരണമായതെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അടക്കം രംഗത്തെത്തി കഴിഞ്ഞു. അങ്ങനെയെങ്കിൽ ഇക്കാര്യത്തിൽ പാർട്ടി വ്യക്തത വരുത്തുമോ? സുരേഷ് ബാബുവിനെതിരെ പെരുമാറ്റ ദൂഷ്യത്തിൽ പാർട്ടിക്ക് മുന്നിൽ പരാതിയുണ്ടോ എന്നതിലടക്കം മറുപടി പറയേണ്ടിവരും.
കണ്ണൂരിലും മാറ്റം വരുമോ?
തിരുത്തലിന്‍റെയും പുനസംഘടനയുടെയും പേരിൽ ഇതുവരെയും ജില്ലാ സെക്രട്ടറിമാരെ സി പി എം നീക്കിയിട്ടില്ല. പാലക്കാട് നടപടി ഈ തെറ്റുതിരുത്തൽ സീസണിൽ ആദ്യമാണ്. അങ്ങനെയെങ്കിൽ കനത്ത പരാജയത്തിൽ സെക്രട്ടറി ഏറെ പഴികേട്ട ജില്ല കണ്ണൂരാണ്. പയ്യന്നൂർ, തളിപറമ്പ് പരാജയങ്ങൾ കെ കെ രാഗേഷിന്‍റെ കൂടി തെറ്റായ തീരുമാനങ്ങളുടെ ബാക്കിയാണെന്നാണ് വിമതരുടെയടക്കം വിമർശനം. അടുത്ത ഊഴം പരാജയപ്പെട്ട ജില്ല സെക്രട്ടറിയെന്ന് വിമർശനം കേൾക്കുന്ന കെ കെ രാഗേഷിന്‍റെതാണോ? എന്തായാലും ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കുമോയെന്നത് കണ്ടറിയാം.

