ഇടുക്കി: സംസ്ഥാനത്തെ കാർഷിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന 48 മണിക്കൂർ നിരാഹാര സമരത്തിന് ഇടുക്കി കട്ടപ്പനയിൽ തുടക്കമായി.

കർഷക ആത്മഹത്യ തടയാൻ നടപടിയെടുക്കുക, കർഷകരുടെ മുഴുവൻ വായ്പകളും എഴുതിത്തള്ളുക, പ്രളയത്തിൽ തകർന്ന കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് നിരാഹാര സമരം നടത്തുന്നത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ഉൾപ്പടെ 48 പേരാണ് സമരമിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിൽ മൂന്ന് കർഷകരാണ് ആത്മഹത്യ ചെയ്തത്.  കർഷക ആത്മഹത്യകൾ  തുടർക്കഥയാകുമ്പോഴും വിഷയത്തിൽ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം.

കർഷക ആത്മഹത്യകൾ സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്താനാണ് യുഡിഎഫും കോൺഗ്രസും ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി വരും ദിവസങ്ങളിൽ ഹർത്താൽ ഉൾപ്പടെയുള്ള വിവിധ സമര പരിപാടികൾ സംഘടിപ്പിക്കും. മാർച്ച് അഞ്ചിന് ജില്ലയിലെ വില്ലേജ് ഓഫീസുകളിൽ കോൺഗ്രസ് ധർണ്ണ നടത്തും. കേരള കോൺഗ്രസ് പാർട്ടികളും നിരാഹാരമുൾപ്പടെയുള്ള സമരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.