കൊലയാളികളും ഭരണാധികാരികളും തമ്മിൽ വേർതിരിവില്ലാത്ത കേസിൽ അത്തരമൊരു മാതൃകയ്ക്കായി പോരാട്ടം തുടരും'- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പാലക്കാട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതികൾക്ക് വധശിക്ഷ തന്നെ വേണമായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. ജീവിതകാലം മുഴുവൻ ജയിലിൽ കിടന്ന് നരകിക്കുന്നത് മറ്റൊരു തരത്തിൽ നീതിയായിരിക്കാം, നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാൻ പ്രോത്സാഹനമാകാതിരിക്കാൻ വധശിക്ഷയ്ക്ക് കഴിയുമായിരുന്നുവെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. 

'ഒരു ചെറുപ്പക്കാരനെ 47 തവണ വെട്ടി നുറുക്കിക്കൊല്ലുന്നതും, മറ്റൊരു ചെറുപ്പക്കാരനെ തലയോട്ടി വെട്ടിപ്പൊളിച്ച് കൊല്ലുന്നതും അപൂർവ്വങ്ങളിൽ അപൂർവ്വം തന്നെയാണ്. ജീവിതകാലം മുഴുവൻ ജയിലിൽ കിടന്ന് നരകിക്കുന്നത് മറ്റൊരു തരത്തിൽ നീതിയായിരിക്കാം, എങ്കിലും വധശിക്ഷ തന്നെ വേണമായിരുന്നു. നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാൻ പ്രോത്സാഹനമാകാതിരിക്കാൻ ആ ശിക്ഷയ്ക്ക് കഴിയുമായിരുന്നു. കൊലയാളികളും ഭരണാധികാരികളും തമ്മിൽ വേർതിരിവില്ലാത്ത കേസിൽ അത്തരമൊരു മാതൃകയ്ക്കായി പോരാട്ടം തുടരും'- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ . കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു.

Read More :  പെരിയ ഇരട്ടക്കൊലക്കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകളും മാധ്യമപ്രവർത്തകന്‍റെ മൊഴിയും; വിധി പകർപ്പ് പുറത്ത്