ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ തലക്കടിച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു.

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ, നവകേരള ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ, നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ.പഴയങ്ങാടിയിലേത് മാതൃകാ രക്ഷാപ്രവർത്തനമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ മന്ത്രിമാർ ന്യായീകരിച്ചു. പകുതി തമാശയാണ് മുഖ്യമന്ത്രി പറഞ്ഞതെന്നായിരുന്നു എം.ബി.രാജേഷിന്‍റെ പ്രതികരണം.

മാതൃകാ പ്രവർത്തനത്തിന് മുഖ്യമന്ത്രി പ്രശംസിച്ചവർക്കെതിരെ വധശ്രമത്തിന് പഴയങ്ങാടി പൊലീസെടുത്ത കേസിൽ ആദ്യ അറസ്റ്റ്. റമീസ്,ജിതിൻ,അമൽ ബാബു,അനുവിന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അറസ്റ്റിലായവർക്ക് അഭിവാദ്യങ്ങളുമായി പോസ്റ്ററുമിറങ്ങി. എസ്എഫ്ഐ മാടായി ഏരിയ കമ്മിറ്റി മുൻ സെക്രട്ടറിയാണ് റമീസ്. എസ്എഫ്ഐ മുൻ ജില്ലാ വൈസ് പ്രസിഡന്‍റാണ് അനുവിന്ദ്,എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയാണ് ജിതിൻ. കേസിൽ ഇരുപതോളം പ്രതികളാണുളളത്.

മാതൃകാ ജീവൻ രക്ഷാ പ്രവർത്തനമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ഡിജിപിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകി.മുഖ്യമന്ത്രിയുടേത് പരസ്യമായ കലാപ ആഹ്വാനമാണെന്നാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹന്‍റെ പരാതി. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ മന്ത്രിമാർ ന്യായീകരിച്ചു. ട്രോൾ സ്വഭാവത്തിലെന്ന് എംബി രാജേഷ്, രക്ഷിച്ചില്ലായിരുന്നെങ്കിൽ പ്രചാരവേല വേറെയായേനെ എന്ന് പി.രാജീവ്. തമാശ മന്ത്രിസഭയിൽ പറഞ്ഞാൽ മതിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി.

'മാതൃകാ രക്ഷാപ്രവർത്തന' പരാമർശം; മുഖ്യമന്ത്രി പറഞ്ഞത് ട്രോൾ സ്വഭാവത്തിലെന്ന് എം ബി രാജേഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്