കുറ്റിപ്പുറം പാലത്തിൽ വെച്ചാണ് യൂത്ത് കോൺഗ്രസ്- മുസ്ലിം ലീഗ് പ്രവ‍ര്‍ത്തക‍ര്‍ മന്ത്രിയുടെ വാഹനം തടഞ്ഞത്. മന്ത്രിയുടെ വാഹനം പാലത്തിലേക്ക് എത്തിയപ്പോൾ പ്രതിഷേധക്കാര്‍ ഇരച്ചെത്തുകയായിരുന്നു

മലപ്പുറം : മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മന്ത്രി വി അബ്ദുറഹ്മാന്റെ വാഹനം തടഞ്ഞ് പ്രതിഷേധക്കാര്‍. കുറ്റിപ്പുറം പാലത്തിൽ വെച്ചാണ് യൂത്ത് കോൺഗ്രസ്- മുസ്ലിം ലീഗ് പ്രവ‍ര്‍ത്തക‍ര്‍ മന്ത്രിയുടെ വാഹനം തടഞ്ഞത്. മന്ത്രിയുടെ വാഹനം പാലത്തിലേക്ക് എത്തിയപ്പോൾ പ്രതിഷേധക്കാര്‍ ഇരച്ചെത്തുകയായിരുന്നു. ഇതോടെ വാഹനത്തിന് മുന്നോട്ട് കടക്കാൻ കഴിയാതായി. പൊലീസ് ഉദ്യോഗസ്ഥര്‍ അൽപ്പം വൈകിയാണ് പ്രതിഷേധക്കാരെ നീക്കാനെത്തിയത്. പ്രതിഷേധിച്ചവരെ മാറ്റി മന്ത്രിയുടെ വാഹനം കടത്തി വിട്ടു. 

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് അസാധാരണമായ രീതിയിലുള്ള സുരക്ഷയൊരിക്കിയെങ്കിലും പ്രതിപക്ഷ.യുവജന സംഘടനകൾ പ്രതിഷേധിച്ചു. തവനൂരിലെ വേദിക്ക് പുറത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധിച്ചു. കറുത്തവേഷമിട്ട് കരിങ്കൊടിയുമായാണ് പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടന്നു. പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. കരിങ്കൊടിയും കറുത്ത ഷർട്ടുമായാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

ജനത്തെ വലച്ച് മുഖ്യമന്ത്രിയുടെ അസാധാരണ സുരക്ഷ, ഹോട്ടലുകൾ അടപ്പിച്ചു, കറുത്ത മാസ്ക് അഴിപ്പിച്ചു, കരുതൽ തടങ്കൽ

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരിൽ മലപ്പുറത്തും പൊതുജനങ്ങൾ ധരിച്ച കറുത്ത മാസ്ക്കുകൾ അഴിപ്പിച്ചു. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്ക്ക് പൊലീസ് ഉദ്യോഗസ്ഥർ അഴിപ്പിച്ചത്. പകരം മറ്റ് നിറങ്ങളിലുള്ള മാസ്ക്കുകൾ പൊലീസ് നൽകി. പൊലീസിന്റെ അസാധാരണ നടപടിയെ ന്യായീകരിക്കുകയാണ് ഇടത് നേതാക്കൾ. കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധമെന്നും കറുത്ത ഷർട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നതെന്നുമാണ് ഇ പി ജയരാജന്റെ ചോദ്യം. കൊച്ചിയിൽ കറുത്ത വസ്ത്രം ധരിച്ചതിന് ട്രാൻസ്ജെന്റർ വ്യക്തികളെ കസ്റ്റഡിയിലെടുത്ത നടപടിയെയും ജയരാജൻ ന്യായീകരിച്ചു.

തവനൂരില്‍ സംഘര്‍ഷം: കറുത്തവേഷമിട്ട് കരിങ്കൊടിയുമായി പ്രതിഷേധം, ഉന്തും തള്ളും, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

YouTube video player