Asianet News MalayalamAsianet News Malayalam

ദലിത് എംഎല്‍എ സമരം ചെയ്ത ഇടത്ത് യൂത്ത് കോണ്‍ഗ്രസിന്‍റെ 'ശുദ്ധികലശം'; പ്രതിഷേധം

ദലിത് വിഭാഗക്കാരിയായ എംഎല്‍എയെ ജാതീയമായി അധിക്ഷേപിക്കുന്നതിനാണ് ചാണകവെള്ളം തളിച്ചതെന്ന് സിപിഐ നേതാക്കള്‍ പറഞ്ഞു.

youth congress workers practiced 'shudhikalasha' near civil station Cherppu where geeta gopi MLA protested
Author
Thrissur, First Published Jul 28, 2019, 9:51 AM IST

തൃശൂര്‍: റോഡിന്‍റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് സിപിഐ നേതാവും എംഎല്‍എയുമായ ഗീതാ ഗോപി സമരം നടത്തിയ സിവില്‍ സ്റ്റേഷന് മുന്നില്‍ ചാണകവെള്ളം തളിച്ച് 'ശുദ്ധിയാക്കിയ' യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം. ഗീതാ ഗോപി എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചെന്നാരോപിച്ചാണ് പ്രതിഷേധം.

എംഎല്‍എ സമരം ചെയ്ത ചേര്‍പ്പ് സിവില്‍ സ്റ്റേഷന് സമീപമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചത്. നാട്ടിക മണ്ഡലത്തിലെ ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ വരെയുള്ള റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു എംഎല്‍എ സമരം ചെയ്തത്. സംഭവത്തിനെതിരെ സിപിഐ രംഗത്തുവന്നു. ദലിത് വിഭാഗക്കാരിയായ എംഎല്‍എയെ ജാതീയമായി അധിക്ഷേപിക്കുന്നതിനാണ് ചാണകവെള്ളം തളിച്ചതെന്ന് സിപിഐ നേതാക്കള്‍ പറഞ്ഞു. ചേര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്,  ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവര്‍ക്കെതിരെ പരാതി നല്‍കുമെന്നും സിപിഐ നേതാക്കള്‍ അറിയിച്ചു. ഗീതാ ഗോപിയും ജാതി അധിക്ഷേപത്തിനെതിരെ പരാതി നല്‍കിയേക്കും.  

കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ നാട്ടുകാര്‍ഗീത ഗോപി എംഎല്‍എയെ വഴിയില്‍ തടഞ്ഞതിനെ തുടര്‍ന്നാണ് അറ്റകുറ്റപ്പണി വൈകുന്നതില്‍ പ്രതിഷേധിച്ച് സിവില്‍ സ്റ്റേഷനിലെ പൊതുമരാമത്ത് ഓഫിസിലെത്തി എംഎല്‍എ പ്രതിഷേധിച്ചത്. എംഎല്‍എയുടെ പ്രതിഷേധത്തെ തുടര്‍ന്ന് റോഡ് താല്‍ക്കാലികമായി ഗതാഗതയോഗ്യമാക്കി. 

Follow Us:
Download App:
  • android
  • ios